കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും അധിക തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും അക്കൗണ്ട്സ്, ആരോഗ്യ വിഭാഗങ്ങൾ ശക്തിപ്പെടുത്തുന്നതിന് അധിക തസ്തിക സൃഷ്ടിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 354 പുതിയ തസ്തികകളാണ് സൃഷ്ടിക്കുക.മറ്റു തീരുമാനങ്ങൾ ഇങ്ങനെ-സർക്കാർ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കാൻ മൂന്നംഗ കമ്മറ്റിസർക്കാർ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നംഗ കമ്മറ്റി രൂപീകരിക്കും. സുപ്രീംകോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മറ്റി രൂപീകരണം. ചെയർമാനും രണ്ട് അംഗങ്ങളും അടങ്ങുന്നതാണ് കമ്മറ്റി. 15 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള, മാദ്ധ്യമ രംഗത്ത് വ്യക്തി മുദ്രപതിപ്പിച്ച മുതിർന്ന മാദ്ധ്യമപ്രവർത്തകർ/സംസ്ഥാന സർക്കാർ പ്രിൻസിപ്പൽസെക്രട്ടറി റാങ്കിൽ കുറയാത്ത വ്യക്തി/ ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിൽ അഡീഷണൽ സെക്രട്ടറി റാങ്കിൽ കുറയാത്ത വ്യക്തി എന്നിവർക്ക് ചെയർപേഴ്സൺ ആകാം.
വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ, വിരമിച്ച ഐ.ആന്റ്.പി.ആർ.ഡി ഡയറക്ടർ, വിരമിച്ച ഐ.ആന്റ്.പിആർ.ഡി അഡീഷണൽ ഡയറക്ടർ, പതിനഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള മാദ്ധ്യമപ്രവർത്തകർ എന്നിവർക്ക് അംഗങ്ങളാകാം.ഒരംഗം വനിതയാകുന്നത് അഭികാമ്യമാണെന്നും നിശ്ചയിച്ചു. കമ്മറ്റി അംഗങ്ങളുടെപ്രായം 45നും 70നും ഇടയിലായിരിക്കും. സർക്കാർ. അർധസർക്കാർ, പൊതുമേഖല, സ്വയംഭരണസ്ഥാപനങ്ങൾ, കോടതികൾ, കമ്മീഷനുകൾ തുടങ്ങിയവർ നൽകുന്ന പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധനാ കമ്മറ്റിയുടെ അധികാര പരിധിയിൽപ്പെടും. പരസ്യങ്ങളുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ മാർഗ നിർദ്ദേശങ്ങൾ വകുപ്പുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. രണ്ട് വർഷമാണ് കമ്മറ്റിയുടെ പരമാവധി കാലവധി.ജുഡീഷ്യൽ ഓഫീസർമാർക്ക് ശമ്പള പരിഷ്ക്കരണംജില്ലാ ജുഡീഷ്യറിയിലെ ജുഡീഷ്യൽ ഓഫീസർമാർക്ക് 1.1.2016 മുതൽ പ്രാബല്യത്തിൽ പുതുക്കിയ ശമ്പളഘടന അനുവദിക്കും. കുടിശ്ശിക വിതരണത്തിനാവശ്യമായ തീരുമാനമെടുക്കാൻ ധനകാര്യ വകുപ്പിനെ ചുമതലപ്പെടുത്തി.ഭൂമി കൈമാറ്റം
നിർദ്ദിഷ്ട മലയോര ഹൈവേയിൽ കാസർഗോഡ് ജില്ലയിൽപ്പെടുന്ന 127.42 കിലോമീറ്റർ നീളമുള്ള നന്ദാരപദവ്- ചെറുപുഴ ഭാഗം വരെയുള്ളതും വനഭൂമിയിലൂടെ കടന്നുപോകുന്നതുമായ ഹൈവേയിൽ എടപ്പറമ്പകോളിച്ചാൽ വരെയുളള ഭാഗത്ത് നഷ്ടപ്പെടുന്ന 4.332ഹെക്ടർ വനം ഭൂമിക്ക് പകരം പരിഹാര വനവൽക്കരണത്തിന് ഭൂമി നൽകും. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിൽ ആവശ്യമായ ഭൂമി ലഭ്യമല്ലാത്തതിനാൽ ഭീമനടി വില്ലേജിലെ റവന്യൂഭൂമി കേന്ദ്രപരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിദ്ദേശപ്രകാരം സംസ്ഥാന വകുപ്പിന്റെ പേരിൽ പോക്കുവരവ് ചെയ്യുന്നതിന് ഉടമസ്ഥാവകാശം വനം വകുപ്പിന് കൈമാറും.
നിയമനംകേരള ലാന്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിലെ ഡയറക്ടർ ബോർഡ് അംഗവും മാനേജിംഗ് ഡയറക്ടറുമായ പിഎസ് രാജീവിന്റെ പുനർനിയമന വ്യവസ്ഥയിലുള്ള കാലാവധി 31.12.22 മുതൽ ഒരു വർഷത്തേക്ക് ദീർഘിപ്പിച്ച് നൽകും.
തിരുവനന്തപുരം കോഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷനിൽ (കേപ്പ്) പുതിയ ഡയറക്ടറായി വി.ഐ താജുദ്ദീൻ അഹമ്മദിന് വ്യവസ്ഥകൾക്ക് വിധേയമായി പുനർനിയമനം നൽകാൻ തീരുമാനിച്ചു.