അപകടസ്ഥലത്ത് മധ്യസ്ഥതവഹിക്കാനെത്തി, കാറുമായി കടന്നു; രണ്ടുപേര്‍ അറസ്റ്റില്‍
വിഷയം സംസാരിച്ചുതീര്ക്കാമെന്നും ആവശ്യമെങ്കില്‍ സ്റ്റേഷനില്പ്പോകാമെന്നും ഇവര്‍ മറുപടിനല്കി. ഇതിനിടെ തമിഴ്നാട് സ്വദേശിയുടെ കാര്‍ കൊണ്ടുപോവുകയായിരുന്നു.
പാലക്കാട്: സിഗ്നലില്‍ അപകടത്തില്‍പ്പെട്ട വാഹനത്തിലെ ഉടമകള്തമ്മിലുള്ള തര്‍ക്കത്തിനിടെ മധ്യസ്ഥതചമഞ്ഞ് കാര്‍ തട്ടിയെടുത്ത രണ്ടുപേരെ വാളയാര്‍പോലീസ് അറസ്റ്റുചെയ്തു. കഞ്ചിക്കോട് ചെമ്മണാംകാട് കാത്തികയില് വാടകയ്ക്ക് താമസിക്കുന്ന ബിനീഷ് കുമാര്‍ (45), ചെമ്മണാംകാട് കാര്‍ത്തികയില്‍ ശ്രീനാഥ് (33) എന്നിവരെയാണ് വാളയാര്‍പോലീസ് അറസ്റ്റുചെയ്തത്.
തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കഞ്ചിക്കോട് ആശുപത്രിപരിസരത്താണ് സംഭവം. തൃശ്ശൂര്‍ സ്വദേശി ആല്‍ബിന്റെ കാറിനുപിന്നില്‍ തമിഴ്നാട് തിരുവണ്ണാമല സ്വദേശി വിജയിയുടെ കാര്‍ തട്ടിയതിനെത്തുടര്‍ന്ന് ഇവര്തമ്മില് സംസാരിക്കയായിരുന്നു. തമിഴ്നാട് സ്വദേശിയില്‍നിന്ന് പൈസ വാങ്ങിത്തരാമെന്നുപറഞ്ഞ് തൃശ്ശൂര്‍ സ്വദേശിയെ പ്രതികള്‍ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചു.
വിഷയം സംസാരിച്ചുതീര്ക്കാമെന്നും ആവശ്യമെങ്കില്‍ സ്റ്റേഷനില്പ്പോകാമെന്നും ഇവര്‍ മറുപടിനല്കി. ഇതിനിടെ തമിഴ്നാട് സ്വദേശിയുടെ കാര്‍ കൊണ്ടുപോവുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ച ഡ്രൈവറെ പ്രതികള്‍ തട്ടിമാറ്റി കഞ്ചിക്കോട് ഭാഗത്തേക്ക് രക്ഷപ്പെട്ടു.
തമിഴ്നാട് സ്വദേശി വാളയാര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയോടെതന്നെ പ്രതികളെ ചെമ്മണാംകാട് റെയില്‍പ്പാളം പരിസരത്തുനിന്ന് പിടികൂടുകയായിരുന്നു. പരിസരത്തുനിന്നുതന്നെ കാറും കണ്ടെത്തി.
കേസിലെ ഒന്നാംപ്രതി ബിനീഷ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ പിടിച്ചുപറി, തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെ പത്തോളം കേസുകളിലെ പ്രതിയാണ്. ‘കാപ്പ’ ചുമത്തി എറണാകുളം ജില്ലയില്‍നിന്ന് പുറത്താക്കപ്പെട്ട ബിനീഷ് ഒറ്റപ്പാലം ചിനക്കത്തൂര്ഭാഗത്തും താമസിച്ചിരുന്നതായി പോലീസ് പറഞ്ഞു. എറണാകുളം സ്വദേശിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന മറ്റൊരുകേസില്‍ ശ്രീനാഥും ബിനീഷും പ്രതികളാണ്. പ്രതികളെ പാലക്കാട് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു. എസ്.എച്ച്.ഒ. എ. അജീഷ്, എസ്.ഐ. എച്ച്. ഹര്‍ഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്.