മയക്കുമരുന്ന് നൽകി 19 കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസ്: ഒരു യുവതി പോലീസ് കസ്റ്റഡിയിൽ; കൂടുതൽ പേർ അറസ്റ്റിലായേക്കും
കാസർകോട്: മയക്കുമരുന്നിന് അടിമയാക്കി 19 കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസിൽ അറസ്റ്റിലായ മൂന്ന് പേരെ റിമാൻഡ് ചെയ്തു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജെ ഷൈനിത്ത്കുമാർ (30), എൻ പ്രശാന്ത് (43), മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മോക്ഷിത് ഷെട്ടി (27) എന്നിവരെയാണ് കാസർകോട് വനിതാ ഇൻസ്പെക്ടർ പി ചന്ദ്രികയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 19 കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. കേസിൽ ഒരു യുവതിയും പൊലീസ് കസ്റ്റഡിയിലുണ്ട്. ഇത് അറസ്റ്റിലായ ഒരു യുവാവിന്റെ കാമുകി ആണെന്നാണ് സൂചന.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടിയുടെ കുടുംബത്തിന്റെ സാഹചര്യം ചൂഷണം ചെയ്താണ് പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭക്ഷണത്തിനായി അയൽക്കാരനായ യുവാവിനോട് പണം ചോദിച്ചിരുന്നതായും ഇത് മുതലെടുത്ത് ഇയാളാണ് ആദ്യമായി പീഡിപ്പിച്ചതെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് പ്രണയം നടിച്ച് ഇയാൾ പല സ്ഥലത്തേക്കും കൊണ്ടുപോയി പീഡിപ്പിക്കുകയും മറ്റുള്ളവർക്ക് കാഴ്ചവക്കുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.
മംഗ്ളുറു, ചെർക്കള , കാസർകോട്, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിൽ കൂട്ടിക്കൊണ്ട് പോയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. മയക്കുമരുന്ന് നൽകിയാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പീഡനങ്ങളെ തുടർന്നുണ്ടായ മാനസിക പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് ക്രൂരമായ പീഡന വിവരം വെളിപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ പേർ ഉൾപെട്ടിട്ടുണ്ടെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. വിശദമായ അന്വേഷണത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് അറിയുന്നത്.