കോളേജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി; വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് പരിക്ക്
തൃശൂർ: എഞ്ചിനിയറിംഗ് കോളേജിന്റെ ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി നിരവധി പേർക്ക് പരിക്ക്. ഹോട്ടൽ ജീവനക്കാരായ മങ്ങാട് അണ്ടേക്കുന്നത്ത് കുന്നത്ത് ശിവരാമൻ, ഭാര്യ സരള, വിദ്യാർത്ഥികളായ അമൽ (21), ജെസ്ലിൻ (20), ദിവ്യ (35), ജ്യൂണ (26), കൃഷ്ണ (19), അമൽ (20) എന്നിവർക്കാണ് പരിക്കേറ്റത്.
തൃശൂർ കുണ്ടന്നൂർ ചുങ്കം സെന്ററിന് സമീപത്തെ ഹോം സെന്ററിനോട് ചേർന്ന് പ്രവർത്തിക്കുന്ന പുഷ്പ ഹോട്ടലിലേക്കാണ് വടക്കാഞ്ചേരി ഭാഗത്തുനിന്നും വരികയായിരുന്ന ബസ് ഇടിച്ചുകയറിയത്. അപകടത്തിൽ ഹോട്ടലിന്റെ മുൻവശം പൂർണമായും തകർന്നു.
ഈ സമയം ഹോട്ടലിൽ ജാലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ശിവരാമനും സരളയും. ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. സരളയെ ആദ്യം വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റി. കോളേജ് വിദ്യാർത്ഥികളെ നാട്ടുകാർ വാഹനത്തിന്റെ പിൻവശത്തെ ചില്ല തകർത്താണ് പുറത്തിറക്കിയത്.
മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലും വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലുമാണ് വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടം രാവിലെ ആയതിനാൽ ഹോട്ടലിലേക്ക് ആളുകൾ എത്തിത്തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു. അതിനാലാണ് വൻ ദുരന്തം ഒഴിവായത്.