18 ലക്ഷം കോടി മുടക്കിയാണ് വേൾഡ് കപ്പ് ഖത്തർ നടത്തിയത്, കിട്ടുന്ന ലാഭം തുച്ഛമായിരിക്കുമെന്ന് അറിഞ്ഞിട്ടും പണം വാരിയെറിഞ്ഞതിന് പിന്നിൽ അവർക്ക് വലിയൊരു ഉദ്ദേശ്യമുണ്ട്
ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിന്റെ ആകാശത്തേക്ക് ലയണൽ മെസിയുടെ നീലപ്പട കിരീടമുയർത്തിയിരിക്കുന്നു. ഖത്തറിലെ ആളാരവങ്ങൾ ഒഴിഞ്ഞുകൊണ്ടിരിക്കുന്നു. ആതിഥേയത്വത്തിന്റെ ഖത്തർ ഗാഥകൾ വാഴ്ത്തുന്ന സമയത്തു തന്നെയാണ് യൂറോപ്പിനെ ഖത്തറുമായി ബന്ധിപ്പിക്കുന്ന വൻ അഴിമതിക്കഥകളുടെ ചുരുളഴിയുന്നത്. ബെൽജിയൻ ഫെഡറൽ പൊലീസിന്റെ അഴിമതിവിരുദ്ധ വിഭാഗം ഇരുപതോളം ഇടങ്ങളിൽ റെയ്ഡ് നടത്തുന്നു, യൂറോപ്യൻ പാർലമെന്റ് വൈസ് പ്രസിഡന്റ് ഇവ കൈലി അടക്കമുള്ളവർ അറസ്റ്റിലാകുന്നു. റിപ്പോർട്ട് പ്രകാരം ഒരു ഗൾഫ് രാഷ്ട്രത്തിൽനിന്ന് വൻതുക കൈക്കൂലി വാങ്ങിക്കൊണ്ട് യൂറോപ്യൻ പാർലമെന്റിൽ അവർക്കനുകൂലമായി സാമ്പത്തിക, രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കാനായി പ്രവർത്തിച്ചു എന്നതായിരുന്നു കുറ്റം. പ്രാദേശിക മാദ്ധ്യമങ്ങൾ ആ രാജ്യം ഖത്തറാണെന്ന് വെളിപ്പെടുത്തുന്നു. അറസ്റ്റിലായവരിലും സംശയത്തിന്റെ മുൾമുനയിൽ നിൽക്കുന്നവരിലും യൂറോപ്യൻ യൂണിയനിലെ വിവിധ രാഷ്ട്രങ്ങളിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകരുണ്ട്. ബെൽജിയത്തിലും ഗ്രീസിലുമായി നടന്ന റെയ്ഡിൽ വൻ തുകകൾ കണ്ടെടുക്കുന്നു.അറസ്റ്റിനെ തുടർന്ന് യൂറോപ്യൻ പാർലമെന്റിന്റെ വൈസ് പ്രസിഡന്റായ ഇവ കൈലിയെ ആ സ്ഥാനത്തുനിന്നും, പാർട്ടി അംഗത്വത്തിൽനിന്നും പുറത്താക്കി. മുൻപ് ഖത്തർ അനുകൂല നിലപാടുകൾക്ക് ശ്രദ്ധേയമായിരുന്നു അവർ. ഖത്തർ ഏറ്റവും കൂടുതൽ പാശ്ചാത്യ ലോകത്തിന്റെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നത് മനുഷ്യാവകാശ നയങ്ങൾ, വേൾഡ് കപ്പ് സ്റ്റേഡിയനിർമ്മാണ തൊഴിലാളികളോടുള്ള സമീപനം, സ്ത്രീ, ട്രാൻസ്ജെന്റർ വിഷയങ്ങളെ അധികരിച്ചായിരുന്നു. എന്നാൽ ഈ വിഷയത്തിൽ കൈലി യൂറോപ്യൻ പാർലമെന്റിൽ സംസാരിച്ചത് ഖത്തർ നിർമ്മാണത്തൊഴിലാളികൾക്ക് അവകാശങ്ങൾ നൽകുന്നതിൽ മറ്റാരേക്കാളും മുൻപിലാണെന്നാണ്. കായിക നയയന്ത്രത്തിന്റെ ഉത്തമോദാഹരണമായി അവർ ഖത്തറിനെ എടുത്തുകാട്ടുന്നു. മറ്റ് അറബ് രാജ്യങ്ങൾക്ക് പരിഷ്കരണത്തിന്റെ മാതൃകയായാണ് അവർ യൂറോപ്യൻ പാർലമെന്റിൽ ഖത്തറിനെ അവതരിപ്പിച്ചിരുന്നത്.അറസ്റ്റിലായ മറ്റൊരു പ്രമുഖവ്യക്തി, ഇറ്റാലിയൻ പ്രതിനിധി ആയിരുന്ന ആന്തോണിയോ പാൻസെരിയാണ്. ആഗോളതലത്തിലുള്ള മനുഷ്യാവകാശ സംഘടനയുടെ പ്രസിഡന്റായി പ്രവർത്തിച്ചുവരുന്നു. അവരുടെയും അനുബന്ധ വ്യക്തികളുടെയും കൈയിൽനിന്ന് വൻതുകകളും വിലപിടിപ്പുള്ള നിരവധി സമ്മാനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഒരു പ്രധാനപ്പെട്ട കാര്യം ഇത്തരത്തിൽ സ്വാധീനത്തിന് വിധേയരായവരെല്ലാം ഇടതുപക്ഷ ,സോഷ്യലിസ്റ്റ് സ്വഭാവമുള്ള പ്രതിനിധികളാണെന്നതാണ്. വരും ദിവസങ്ങളിൽ നിരവധി പേരുകൾ പുറത്തുവരാനിക്കുന്നു. മഞ്ഞുമലയുടെ അഗ്രം മാത്രമേ വെളിവായിട്ടുള്ളൂ എന്നാണ് യൂറോപ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ലോബിയിങ്ങ്ഈ വാക്ക് ഉരുത്തിരിഞ്ഞു വരുന്നത് ബ്രിട്ടീഷ് പാർലമെന്റ് മന്ദിരത്തിന്റെ ഇടനാഴി എന്ന് അർത്ഥമുള്ള ‘ലോബി’ എന്ന പദത്തിൽനിന്നാണ്. നിയമനിർമ്മാണ സഭകളുടെ ഇടനാഴികളിൽ വച്ചാണ് അംഗങ്ങളെ സ്വാധീനിക്കാൻ തത്പര കക്ഷികൾ ശ്രമിക്കുന്നത്. അവർക്ക് അനുകൂലമായി നിയമങ്ങൾ പാസാക്കാനോ, അഥവാ ചിലത് പാസാക്കാതിരിക്കാനോ ആണ് ഈ ശ്രമങ്ങൾ. പക്ഷേ ഇതിന്ന് ഉപയോഗിക്കുന്നത് അമേരിക്കൻ രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണ്. ഒരു പരിധിവരെ അവിടെ ഇത് നിയമവിധേയമാണ്. അത്തരം പതിനായിരത്തിലധികം സംഘങ്ങൾ വാഷിംഗ്ടണിൽത്തന്നെ പ്രവർത്തിക്കുന്നുണ്ടത്രേ. യൂറോപ്യൻ യൂണിയനെ സംബന്ധിച്ച് ഇത്തരം സ്വാധീനശ്രമങ്ങൾ അറിയപ്പെടുന്നത് യൂറോപ്യൻ താത്പര്യങ്ങളുടെ പ്രതിനിധീകരണം എന്ന പേരിലാണ്. 2009ലെ യൂറോപ്യൻ യൂണിയൻ അംഗങ്ങളുടെ ലിസ്ബൻ കരാറിലെ അനുഛേദം 11 പ്രകാരം ഇത് യൂറോപ്പിനകത്ത് അനുവദനീയമാണ്. പക്ഷേ ഇവിടെ സംഗതി വേറെയാണ്. ഒരു അറബ് രാഷ്ട്രം അതിന്റെ ധനശേഷി ഉപയോഗിച്ചുകൊണ്ട് യൂറോപ്പിന്റെ നയങ്ങളെ സ്വാധീനിക്കാൻ തക്കവണ്ണം വളർന്നു എന്നതും,അതിന് വിധേയപ്പെടാൻ മാത്രം ശോഷിച്ചതാണ് യൂറോപ്പിന്റെ ജനാധിപത്യ പാരമ്പര്യമെന്ന പാശ്ചാത്യ ചിന്തയും യൂറോപ്പിൽ വിഷയത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.ഖത്തറിന്റെ ലാഭം2010ൽ അനുവദിച്ചു കിട്ടിയ ലോകകപ്പ് നടത്താനായി 220 ബില്യൺ അമേരിക്കൻ ഡോളർ (18 ലക്ഷം കോടി രൂപ) ഖത്തർ ചെലവാക്കിയെന്നാണ് കണക്കാക്കുന്നത്. 2018ൽ റഷ്യ ലോകകപ്പിനായി ചെലവഴിച്ചതിന്റെ അനേകമിരട്ടി വരും ഇത്. ഏഴു പുതിയ സ്റ്റേഡിയങ്ങൾ, നിരവധി അനുബന്ധ ആർഭാട നിർമ്മിതികൾ !ഇത്രമേൽ മുതൽമുടക്കിന് തിരിച്ചുകിട്ടാൻ പോകുന്ന വരുമാനമെന്നത് മുടക്കുമുതലിനേക്കാൾ വളരെ കുറവു മാത്രമാണ്. 2004ൽ ഒളിമ്പിക്സ് നടത്തിയ ഗ്രീസിനെപ്പോലെയോ, 2016ൽ നടത്തിയ ബ്രസീലിനെപ്പോലെയോ മത്സര നടത്തിപ്പിന്റെ ഫലമായി രാജ്യം കടക്കെണിയിലാകുന്ന സാഹചര്യം ഖത്തറിന്റെ കാര്യത്തിൽ സംഭവിക്കാൻ പോകുന്നില്ല.അടിസ്ഥാന സൗകര്യ വികസനത്തിനോടൊപ്പം മികച്ച സംഘാടകർ എന്ന ഇമേജ് കൂടിയാണ് ഖത്തറിന് കൈവരുന്നത്. ഹാർഡ് പവർ എന്നാൽ വലിപ്പവും, സായുധസേനയും മറ്റുമാണെങ്കിൽ ആധുനിക ലോകക്രമത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് സോഫ്റ്റ് പവർ ഇമേജ്. ഈ നടത്തിപ്പിലൂടെ അതിലേക്ക് മുന്നേറാൻ ഖത്തറിനായി. അതിന്റെ ഭാഗമായി വേണം യൂറോപ്യൻ പാർലമെന്റിലെ പ്രതിനിധികൾക്ക് കൈക്കൂലിയും വമ്പൻ സമ്മാനങ്ങളും നൽകി സ്വാധീനിക്കാനുള്ള ശ്രമങ്ങളെയും വീക്ഷിക്കാൻ.പാശ്ചാത്യ മാദ്ധ്യമങ്ങൾ ഖത്തറിനെ വിമർശിക്കാൻ എന്നും ആയുധമാക്കുന്നത് മനുഷ്യാവകാശ, സ്ത്രീ, ട്രാൻസ്ജെൻഡർ നയങ്ങളെയാണ്. ഖത്തറിനെതിരായ ഇത്തരം ആരോപണങ്ങൾ പുതിയതല്ല. 2010 ൽ ഖത്തറിന് ലോകകപ്പ് വേദി ലഭിച്ചതുതന്നെ, ഫിഫ പ്രസിഡന്റിനും മറ്റു പല നേതാക്കൾക്കും വൻതുക കൈക്കൂലി കൊടുത്താണെന്ന് പല പാശ്ചാത്യ കേന്ദ്രങ്ങളും ആരോപിച്ചിരുന്നു. അന്വേഷണങ്ങൾ നടന്നെങ്കിലും ഇക്കാര്യത്തിൽ കാര്യമായ തെളിവുകൾ പുറത്തുവരികയുണ്ടായില്ല. ഈ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇക്വഡോർ കളിക്കാരെ ഖത്തർ പണം കൊടുത്തു സ്വാധീനിക്കാൻ ശ്രമിച്ചെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. പക്ഷേ ഈ കൈക്കൂലി വിഷയത്തിൽ നിരവധി തെളിവുകൾ ഖത്തറിനെതിരെയുണ്ട്.ഒരു പണക്കാരൻ പ്രാഞ്ചിയേട്ടന്റെ പേരിനുള്ള കാട്ടിക്കൂട്ടലുകൾ മാത്രമല്ല ഖത്തറിനിത്. 2025ൽ ലോക ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിനും 2030 ഏഷ്യൻ ഗെയിംസിനും വേദിയാകുന്ന ഖത്തർ ലക്ഷ്യം വയ്ക്കുന്നത് 2036ലെ സാക്ഷാൽ ഒളിമ്പിക്സിന്റെ ആതിഥേയത്വമാണ്. രാഷ്ട്രീയപരമായി പശ്ചിമേഷ്യയിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാൻ ഖത്തർ വർഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. വർഷങ്ങളുടെ സൗദി അറേബ്യ, യു.എ.ഇ ഉപരോധങ്ങളെ മറികടക്കാൻ ഖത്തറിനായി. മേഖലയിലെ മറ്റാരും കൈവയ്ക്കാത്ത വിഷയങ്ങളിൽ വ്യത്യസ്ത നിലപാടെടുത്തുകൊണ്ട് അൽ ജസീറ എന്ന ഖത്തറി ഭരണകൂട നിയന്ത്രിത മാദ്ധ്യമത്തിന് മേഖലയിൽ വൻ സ്വാധീനമുണ്ടാക്കാനായി. ഖത്തറിന്റെ ആഭ്യന്തര പോരായ്മകളെ സമർത്ഥമായി മറച്ചുപിടിച്ച് അറബ് മേഖലയുടെ ശബ്ദമായി ഇത് പ്രവർത്തിക്കുന്നു. ഹമാസ്, താലിബാൻ പോലുള്ള തീവ്രവാദ സംഘടനകളുമായുള്ള ചർച്ചയ്ക്ക് മദ്ധ്യസ്ഥത വഹിക്കുന്നു, അതേസമയംതന്നെ മേഖലയിലെ വലിയ അമേരിക്കൻ സൈനിക ക്യാമ്പിന് നിലമൊരുക്കുന്നു ! ഇത്തരത്തിൽ ഒരേസമയം തന്നെ മേഖലയിൽ തങ്ങളുടെ അനിവാര്യത ഖത്തർ ഉറപ്പുവരുത്തുന്നു. പക്ഷേ പുതിയ വിവാദങ്ങൾ യൂറോപ്യൻ രാഷ്ട്രീയത്തെ അടിമുടി പിടിച്ചുകുലുക്കിക്കളഞ്ഞു. ഖത്തർ പ്രതിനിധികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു. യൂറോപ്പ് ഘോഷിക്കുന്ന ജനാധിപത്യ സമ്പ്രദായത്തിന്റെ ദുർബലതയ്ക്ക് തെളിവാണ് ഈ അഴിമതിക്കഥകൾ .എന്നാൽ യൂറോപ്പിന് ഖത്തറിനെ പൂർണമായും ഒഴിവാക്കാൻ സാധിക്കില്ല. പ്രത്യേകിച്ച് വർദ്ധിച്ചുവരുന്ന ഗ്യാസ് ആശ്രയത്വത്തിന്റെ സാഹചര്യത്തിൽ. യുക്രെയിൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ റഷ്യൻ ഗ്യാസില്ലാതെ തണുത്തു വിറയ്ക്കുന്ന ജർമ്മനി പോലെയുള്ള രാജ്യങ്ങൾക്ക് നിലവിൽ ഖത്തറിനെ കൈവിടാൻ സാധിക്കില്ല. ഒരുകാലത്ത് ലോകം അടക്കിഭരിച്ച യൂറോപ്യരെ, ഒരു മുൻ കോളനി പണതൂക്കത്തിൽ അളക്കുമ്പോൾ ചരിത്രത്തിൽ വൈരുദ്ധ്യത്തിന്റെ മറ്റൊരു പേജ്കൂടി പിറക്കുന്നു.ലേഖകൻ കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയാണ്.