ലോകത്തെ വിറപ്പിച്ച് വീണ്ടും കൊവിഡ്; ചൈനയിൽ 21 ലക്ഷം ആളുകൾ വരെ മരിക്കുമെന്ന് റിപ്പോർട്ട്
ഡൽഹി: ലോകത്തെ ആശങ്കയിലാക്കി കൊവിഡ് കേസുകളിൽ വൻ വർധനവ്. ചൈന, അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ചൈന സീറോ കൊവിഡ് നയം പിൻവലിച്ചാൽ 13 മുതൽ 21 ലക്ഷം ആളുകൾ വരെ മരണത്തിന് കീഴടങ്ങിയേക്കാമെന്നും റിപ്പോർട്ട് പുറത്തുവന്നു. കുറഞ്ഞ വാക്സിനേഷനും ബൂസ്റ്റർ നിരക്കും ഹൈബ്രിഡ് പ്രതിരോധശേഷിയുടെ അഭാവവുമാണ് ചൈനക്ക് തിരിച്ചടിയായതെന്ന് ലണ്ടൻ ആസ്ഥാനമായുള്ള ഗ്ലോബൽ ഹെൽത്ത് ഇന്റലിജൻസ് ആൻഡ് അനലിറ്റിക്സ് സ്ഥാപനമായ എയർഫിനിറ്റി റിപ്പോർട്ട് ചെയ്തു.
ചൈനയിൽ കൊവിഡിനെതിരെ സ്വാഭാവിക പ്രതിരോധശേഷി വളരെ കുറവാണ്. പൗരന്മാർക്ക് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന സിനോവാക്ക്, സിനോഫാം എന്നീ വാക്സിനേഷൻ നൽകിയിട്ടുണ്ട്. എന്നാൽ, ചൈനയുടെ വാക്സീനുകൾക്ക് കാര്യക്ഷമത കുറവാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരിയിൽ ഹോങ്കോങ്ങിന് സമാനമായ തരംഗം കാണുകയാണെങ്കിൽ, ചൈനയിൽ 167 മുതൽ 279 ദശലക്ഷം കൊവിഡ് കേസുകൾ വരെ ഉണ്ടാകാമെന്നും മരണം 13 മുതൽ 21 ലക്ഷം വരെ ആകാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.