ശരീരം പ്രദർശിപ്പിച്ച വസ്ത്രം പ്രശ്നമായി, ഗൾഫിൽ സന്ദർശനത്തിന് പോയ ഉർഫി ജാവേദിനെ ദുബായിൽ തടഞ്ഞുവച്ചു
ദുബായ് : ഷൂട്ടിംഗിനായി യു എ ഇയിൽ പോയ ബോളിവുഡ് താരം ഉർഫി ജാവേദിനെ ദുബായിൽ തടഞ്ഞു വച്ചു. വിവാദ വസ്ത്രങ്ങളുമായി ഇൻസ്റ്റയിൽ നിറഞ്ഞു നിൽക്കുന്ന താരത്തെ ചൊവ്വാഴ്ചയാണ് ദുബായിൽ അധികൃതർ തടഞ്ഞുവച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമിതമായി ശരീരം തുറന്ന് കാട്ടുന്ന വസ്ത്രം ധരിച്ച് ഷൂട്ടിംഗ് നടത്തിയതിനാണ് താരത്തെ തടഞ്ഞുവച്ചതെന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ വസ്ത്രത്തിന്റെ പേരിലല്ല, തുറന്ന ഇടത്ത് ഷൂട്ടിംഗ് നടത്തിയതിനാണ് പൊലീസ് നടപടി സ്വീകരിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ഈ വിഷയത്തിൽ ഉർഫി ജാവേദിന്റെ ടീമിന്റെ ഭാഗത്ത് നിന്നും ഇതുവരെയും വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെ ഇന്ത്യയിൽ ഏറെ പ്രശസ്തയാണ് ഉർഫി ജാവേദ്. വിചിത്രമായ വസ്ത്രങ്ങൾ ധരിച്ചാണ് താരം ആരാധകരെ പിടിച്ചുപറ്റിയത്.
പാസ്പോർട്ടിലെ ചില പൊരുത്തക്കേടുകൾ കാരണം തന്റെ ഗൾഫ് യാത്രയിൽ ചില പ്രശ്നങ്ങളുണ്ടായെന്ന് താരം നേരത്തേ വെളിപ്പെടുത്തിയിരുന്നു. പാസ്പോർട്ടിൽ ‘ഉർഫി’ എന്ന പേര് മാത്രമേ ഉള്ളൂ എന്നും ഇതാണ് പ്രശ്നമായതെന്നുമായിരുന്നു താരം പറഞ്ഞത്.