പെൺകുട്ടികൾക്കൊപ്പം നിന്നു; പൂവാർ ഡിപ്പോയിൽ പ്ളസ്വൺ വിദ്യാർത്ഥിയ്ക്ക് കെ എസ് ആർ ടി സി ജീവനക്കാരന്റെ ക്രൂരമർദ്ദനം
തിരുവനന്തപുരം: പൂവാറിൽ വിദ്യാർത്ഥിയ്ക്ക് കെ എസ് ആർ ടി സി ജീവനക്കാരന്റെ മർദ്ദനം. അരുമാനൂർ സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥി ഷാനുവിനാണ് മർദ്ദനമേറ്റത്. ഡിപ്പോയിൽ പെൺകുട്ടികൾക്കൊപ്പം സംസാരിച്ചുനിന്നു എന്ന പേരിലായിരുന്നു കയ്യേറ്റം. കെ എസ് ആർ ടി സി കൺട്രോളിംഗ് ഇൻസ്പെക്ടർ സുനിലിനെതിരെയാണ് പരാതി.ഇന്ന് രാവിലെ പൂവാർ കെ എസ് ആർ ടി സി ഡിപ്പോയിലാണ് സംഭവം നടന്നത്. പൊഴിയൂർ സ്വദേശിയാണ് വിദ്യാർത്ഥി. ക്രിസ്മസ് ആഘോഷത്തിനായി കേക്ക് വാങ്ങാനെത്തിയതാണ് താനെന്ന് വിദ്യാർത്ഥി പൊലീസിനോട് പറയുന്നുണ്ട്.വിദ്യാർത്ഥിയെ മർദ്ദിക്കുന്നതുകണ്ട് ഡിപ്പോയിലുണ്ടായിരുന്ന ചിലർ ചോദ്യം ചെയ്തിരുന്നു. എന്നാൽ ആൺകുട്ടികളും പെൺകുട്ടികളും ഇടപഴകുന്നത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതുകൊണ്ടാണ് ഇടപെട്ടതെന്നായിരുന്നു സുനിലിന്റെ വിശദീകരണം. അതേസമയം, ഒരു കാരണവുമില്ലാതെ ഷാനുവിനെ മർദ്ദിക്കുകയായിരുന്നെന്നാണ് കൂടെയുണ്ടായിരുന്ന സഹപാഠികൾ പറയുന്നത്. വിദ്യാർത്ഥിയുടെയും ദൃക്സാക്ഷികളുടെയും വിശദമായി മൊഴിയെടുത്തതിന് ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൂവാർ പൊലീസ് അറിയിച്ചു.