സ്കൂളിന് മുന്നിൽ മൂന്നാം ക്ലാസുകാരന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി
തിരുവനന്തപുരം: സിമന്റ് കയറ്റിവന്ന ലോറി വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. അപകടത്തിൽ പൂവച്ചൽ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി ഇമ്മാനുവലിന് ഗുരുതരമായി പരിക്കേറ്റു. രാവിലെ 8. 45 ഓടെ സ്കൂളിന് മുന്നിൽവച്ചാണ് അപകടമുണ്ടായത്.
KL 03 L 8155 ലോറിയാണ് സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയെ ഇടിച്ചിട്ടത്. നിലത്ത് വീണ വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ ലോറിയുടെ വലതു വശത്തെ മുൻ ടയർ കയറി ഇറങ്ങി. ഓടിയെത്തിയ നാട്ടുകാരും കുട്ടികളെ സ്കൂളിൽ ആക്കാൻ എത്തിയ രക്ഷിതാക്കളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഈ സമയം ഇതുവഴി വന്ന കാർ യാത്രക്കാർ സംഭവം കണ്ട് വാഹനം നിറുത്തി കുട്ടിയെ കാട്ടാക്കട സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
മണിയറ വിളയിലും വെള്ളനാടും മാത്രമേ 108 ആംബുലൻസ് ഉള്ളൂ ഇത് എത്താൻ വൈകും എന്ന് മനസിലാക്കിയാണ് കാർ യാത്രക്കാർ സമയോചിതമായി ഇടപെട്ടത്. ഗുരുതര പരിക്ക് ആയതിനാൽ പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളേജിലേക്ക് അയച്ചു. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.