പെൺകുട്ടികൾക്ക് സർവകലാശാലകളിൽ പ്രവേശനം വിലക്കി താലിബാൻ, ഉത്തരവ് പ്രാബല്യത്തിൽ, അപലപിച്ച് ഐക്യരാഷ്ട്ര സഭ
കാബൂൾ: അഫ്ഗാൻ സർവകലാശാലകളിൽ സ്ത്രീകൾക്ക് പ്രവേശനം വിലക്കി താലിബാൻ. ഇതുസംബന്ധിച്ച് ഉത്തരവ് സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്ത്രീകളുടെ വിദ്യാഭ്യാസം നിർത്തിവയ്ക്കുന്നത് സംബന്ധിച്ച ഉത്തരവ് ഉടൻ നടപ്പിലാക്കണമെന്ന് സർക്കാർ- സ്വകാര്യ സർവകലാശാലകൾക്ക് അയച്ച കത്തിൽ അഫ്ഗാനിസ്ഥാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി നേദാ മുഹമ്മദ് നദീം വ്യക്തമാക്കുന്നു. നേരത്തെ ഹയർസെക്കൻഡറി സ്കൂളുകളിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. കഴിഞ്ഞ മാസം സ്ത്രീകൾക്ക് പാർക്കുകളിലും വ്യായാമ കേന്ദ്രങ്ങളിലും താലിബാൻ പ്രവേശനം വിലക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.
രാജ്യത്തുടനീളം ആയിരക്കണക്കിന് പെൺകുട്ടികളും സ്ത്രീകളും സർവകലാശാലാ പ്രവേശന പരീക്ഷ എഴുതി ഫലം കാത്തിരിക്കവേയാണ് താലിബാന്റെ പുതിയ നീക്കം. അഫ്ഗാനിലെ സർവകലാശാലകൾ നിലവിൽ ശൈത്യകാല അവധിയിലാണ്. മാർച്ചിലാണ് വീണ്ടും തുറക്കുന്നത്.
രാജ്യം പിടിച്ചടക്കിയതിനുശേഷം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ക്ലാസ് മുറികൾ അടക്കം നിരവധി പുതിയ നിയമങ്ങൾ താലിബാൻ നടപ്പിലാക്കിയിരുന്നു. സ്ത്രീകളെ വനിതാ പ്രൊഫസർമാരോ പ്രായമായ പുരുഷന്മാരോ മാത്രമേ പഠിപ്പിക്കാൻ പാടുള്ളൂ എന്ന നിയമവും നടപ്പിലാക്കിയിരുന്നു.
അതേസമയം, താലിബാന്റെ പുതിയ ഉത്തരവിനെ ഐക്യരാഷ്ട്ര സഭയും മനുഷ്യാവകാശ സംഘടനകളും അപലപിച്ചു. പൗരാവകാശങ്ങൾ അംഗീകരിക്കാത്തിടത്തോളം താലിബാനെ അന്താരാഷ്ട്ര സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് യു എൻ വ്യക്തമാക്കി.