കൈയിലുള്ള സകലതും വിറ്റാണ് പല അർജന്റീനക്കാരും ഖത്തറിലേക്കെത്തിയത്, ലോകത്തിന് മുന്നിൽ ചിരിക്കുമ്പോഴും അവരിൽ പലരും തങ്ങളുടെ ഗതിയോർത്ത് കരയുകയാണ്
ലോകകപ്പുകളുടെ ചരിത്രത്തിലെതന്നെ ഏറ്റവും ആവേശകരമായ ഫൈനലായിവേണം അർജന്റീനയും ഫ്രാൻസും തമ്മിൽ ലുസൈലിൽ നടന്ന ‘യുദ്ധ’ത്തെ വിലയിരുത്താൻ. മത്സരത്തിന്റെ ആദ്യ 79 മിനിട്ടും അർജന്റീനയുടെ അവിസ്മരണീയ പ്രകടനം തന്നെയായിരുന്നു. കഴിഞ്ഞ രാത്രി ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ ലയണൽ മെസി ലോകകപ്പിൽ ചുംബിച്ച നിമിഷം ലോകമൊന്നാകെയുള്ള അർജന്റീനാ ആരാധകർ കോരിത്തരിച്ചു. പിന്നയവർ ആ സുന്ദരസ്വപ്നതുല്യ നിമിഷത്തിന്റെ നിർവൃതിയിൽ അലിഞ്ഞുചേർന്നു. മൂന്നരപ്പതിറ്റാണ്ടിലേറെയായി അവർ കനവിൽ കണ്ട കിരീടനേട്ടം സഫലമായപ്പോൾ അത് മെസി എന്ന ഇതിഹാസപ്പിറവിയുടെ സമ്പൂർണത കൂടിയായി.ആദ്യ മത്സരത്തിലെ സൗദി അറേബ്യയിൽ നിന്നുള്ള ഞെട്ടിക്കുന്ന തോൽവിയിൽ നിന്ന് പാഠങ്ങൾ പഠിച്ചാണ് അർജന്റീന കിരീടത്തിലേക്ക് മുന്നേറിയത്. പിന്നീട് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് മെക്സിക്കോയേയും പോളണ്ടിനെയും ഗ്രൂപ്പ് റൗണ്ടിൽ മറികടന്നു. പ്രീക്വാർട്ടറിൽ ഓസ്ട്രേലിയ വലിയ വെല്ലുവിളിയായില്ല. കയ്യാങ്കളിയിലേക്കു നീളുമെന്ന് തോന്നിപ്പിച്ച ക്വാർട്ടറിൽ രണ്ട് തവണ മുന്നിലെത്തിയിട്ടും ഒപ്പം പിടിച്ച ഹോളണ്ടിനെ ഒടുവിൽ ഷൂട്ടൗട്ടിൽ കീഴടക്കി. അതേവരെ എതിരാളികൾക്ക് മുന്നിൽ ഉരുക്കുകോട്ടയായിരുന്ന ക്രൊയേഷ്യയുടെ പ്രതിരോധത്തെ സെമിയിൽ തച്ചുതരിപ്പണമാക്കി മൂന്നുഗോളുകൾ നേടിയാണ് മെസിയും സംഘവും ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ഒടുവിൽ സമാനതകളില്ലാത്ത പോരാട്ടത്തിലൂടെ മിശിഖാ കപ്പിൽ മുത്തമിട്ടു.ഒരു പക്ഷേ സ്വർഗവാനിലൊരു കോണിലിരുന്ന് സാക്ഷാൽ ഡീഗോ മറഡോണയും ആ നിമിഷത്തിൽ പുളകം കൊണ്ടിരിക്കാം. താൻ തെളിച്ച വഴിയിലൂടെ തന്റെ പിൻഗാമികൾ ലോകകപ്പ് ഉയർത്തുമ്പോൾ ഡീഗോയിൽ അവസാനിച്ചിരുന്ന കണ്ണികളാണ് വീണ്ടും ഇഴചേർക്കപ്പെട്ടത്.world-cupലോകകപ്പ് കിരീട നേട്ടമാഘോഷിക്കാൻ അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ഒബലിക്സ് സ്തൂപത്തിന് സമീപം ഇരുപത് ലക്ഷത്തോളം പേരാണ് ഒത്തുകൂടിയതെന്നാണ് റിപ്പോർട്ടകൾ. ഫൈനലിന് ശേഷം ലുസൈൽ സ്റ്റേഡിയത്തിൽ നിന്ന് അർജന്റീന ടീമംഗങ്ങൾ താമസസ്ഥലത്തേക്ക് ബസിൽ വിക്ടറി പരേഡ് നടത്തി.അർജന്റീനയിലെത്തിയ ശേഷം ബ്യൂണസ് ഐറിസിലുൾപ്പെടെ പ്രധാന സ്ഥലങ്ങളിലെല്ലാം ടീം ലോകകപ്പുമായി വിക്ടറി പരേഡ് നടത്തിയേക്കും.സാമ്പത്തിക പ്രതിസന്ധിയിലും അതൊന്നും വകവയ്ക്കാതെ അർജന്റീനയിൽ നിന്ന് നിരവധിപ്പേരാണ് ഖത്തറിൽ ടീമിന് പിന്തുണ നൽകാൻ എത്തിയത്.പണപ്പെരുപ്പത്തിന്റെ കെടുതികൾ ഒഴിവാക്കുന്നതിന് തങ്ങളുടെ കൈവശമുള്ള അർജന്റീനിയൻ പെസോകൾ യു.എസ് ഡോളറാക്കി മാറ്റി വർഷങ്ങളുടെ സമ്പാദ്യവുമായാണ് ഇവരിൽ പലരും ഖത്തറിലേക്കെത്തിയത്. ലോകകപ്പ് വിജയത്തിൽ മതിമറന്ന് ആഹ്ളാദിക്കുന്ന അർജന്റീനയുടെ ചിത്രമേ ഇപ്പോൾ ലോകെ മുഴുവൻ നിറയുന്നുള്ളൂ. എന്നാൽ ആ രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതത്തിന്റെ ആഴം ഇപ്പോൾ ഉയരുന്ന ആഹ്ളാദാരവത്തിന്റെ പതിന്മടങ്ങാണ്.എന്താണ് അർജന്റീനയ്ക്ക് സംഭവിച്ചത്100 വർഷങ്ങൾക്ക് മുമ്പ് ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ ഒന്നായിരുന്നു അർജന്റീന. ആ സമ്പന്നത ഇന്നുകാണുന്ന ദാരിദ്ര്യത്തിന്റെ കയ്പ്പ് നീര് കുടിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ മാത്രമേ ആകുന്നുള്ളൂ. നാണയപ്പെരുപ്പവും വിലക്കയറ്റവും 100 ശതമാനത്തിലേക്കെത്തി ജനങ്ങളെ വീർപ്പുമുട്ടിക്കുകയാണ്. മദ്ധ്യവർഗത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും എത്രയോ നാളുകളായി തീരംതൊടാതെയിരിക്കുന്നു.അർജന്റീനിയൻ കറൻസിയായ പെസോസ് കൂടുതലും കരിഞ്ചന്തകളിലാണ് ഡോളറിലേക്കും യൂറോയിലേക്കും മാറ്റപ്പെടുന്നത്. കാരണം രാജ്യത്തെ ഔദ്യോഗിക എക്സ്ചേഞ്ചുകളിൽ ലഭിക്കുന്നതിനേക്കാൾ മൂല്യം അവിടെ നിന്നും കിട്ടുന്നതുകൊണ്ടുതന്നെ. പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാർ നിലവിലെ പ്രതിസന്ധി മറികടക്കുന്നതിന് പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും വെള്ളത്തിൽ വരച്ച വര പോലെ എന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. രാജ്യത്തെ പ്രധാന ക്രയവസ്തുക്കളായ സോയ, മാസം, ഗോതമ്പ് എന്നിവയുടെ കയറ്റുമതി സാദ്ധ്യതകൾ ഉപയോഗപ്പെടുത്താൻ സർക്കാർ നടത്തുന്നശ്രമങ്ങൾ വേണ്ടത്ര വിജയിക്കുന്നുമില്ല
അർജന്റീനയിൽ നാൽപ്പത് ശതമാനത്തോളം ജനങ്ങളും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരാണ്. വീപ്പ പെട്ടിയും മറ്റ് പുനരുപയോഗ സാധനങ്ങളും ഉപയോഗിച്ച് നിർമ്മിച്ച വീടുകളിലാണ് ഇവരിൽ പലരും താമസിക്കുന്നത്. ഇതിനെല്ലാമിടയിലും ലോകകപ്പ് വിജയത്തിലൂടെ തങ്ങളുടെ ദുഖങ്ങൾ അൽപ നേരത്തേക്കെങ്കിലും മറക്കാൻ ശ്രമിക്കുകയാണ് ഒരു ജനത.നിരവധി വർഷത്തെ സാമ്പത്തിക മാന്ദ്യം, രാഷ്ട്രീയ ദുർവിനിയോഗം, വ്യാപകമായ അഴിമതി കേസുകൾ എന്നിവയാൽ തകർന്നുപോയ അർജന്റീനയ്ക്ക് മുന്നിൽ മങ്ങാതെ കിടക്കുന്ന ചില പ്രതീക്ഷകളുണ്ട്. ഫോസിൽ വിഭവങ്ങളുടെ വറ്റാത്ത ശേഖരമാണ് ഈ രാജ്യം. ലോകത്തിലെ രണ്ടാമത്തെ വലിയ ഷെയ്ൽ ഗ്യാസ് റിസർവ് ഇവിടെയുണ്ട്. മാത്രമല്ല ഇലക്ട്രിക് വാഹനങ്ങളിലെയും ഇലക്ട്രോണിക്സിലെയും ബാറ്ററികളുടെ പ്രധാന ഘടകമായ ലിഥിയത്തിന്റെ വമ്പൻ ശേഖരവും. ഇത് പ്രയോജനപ്പെടുത്താൻ സഹായഹസ്തം നീട്ടി യൂറോപ്യൻ രാജ്യങ്ങൾ രംഗത്തുണ്ട്. അത് നടപ്പാൻ വലിയ രാഷ്ട്രീയ ഇച്ഛാ ശക്തിതന്നെ വേണ്ടിവരും.എന്തായാലും ഈ ലോകകപ്പ് വിജയം അർജന്റീനയ്ക്ക് എല്ലാ തരത്തിലും ഒരു ശുഭ പ്രതീക്ഷയാണ് നൽകുന്നത്. രാജ്യത്തിന് വളരെ ആവശ്യമുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ നവീകരണത്തിന്റെ മുന്നോടിയായി മാറട്ടെ മെസിയും സംഘവും സമ്മാനിച്ച ഈ സമാനതകളില്ലാത്ത നേട്ടമെന്ന് നമുക്ക് പ്രത്യാശിക്കാം.