ഫുട്ബോള്‍ ആരാധകരെന്നത് മറ മാത്രം, അറസ്റ്റിലായവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളെന്ന് പോലീസ്
ഫുട്ബോള്‍ ആരാധകര്‍ എന്ന മറ മാത്രമേ ഇവര്‍ക്കുള്ളൂ എന്നും അറസ്റ്റിലായവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളും ലഹരിക്ക് അടിപ്പെട്ടവരുമാണെന്ന് ടൗണ്‍ ഇന്‍സ്പക്ടര്‍ പി.എ.ബിനുമോഹന് പറഞ്ഞു. പൂര്വവിരോധമാണ് സംഘട്ടനങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍: ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം കാണാനെത്തിയവര്‍ തമ്മില്‍ പള്ളിയാംമൂലയിലുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു. ഒരാളെക്കൂടി കിട്ടാനുണ്ട്. അറസ്റ്റിലായവര്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളെന്ന് പോലീസ് പറഞ്ഞു.
പള്ളിയാംമൂലയിലെ ചാത്തോത്ത് വീട്ടില്‍ സി.സിനീഷ് (31), ചോയ്യോന്‍ വീട്ടില്‍ സി.പ്രശോഭ് (34), കോട്ടായിവീട്ടില് കെ.ഷൈജു (48), ചോയ്യന്വളപ്പില് സി.പ്രജോഷ് (36), വിജയനിവാസില്‍ വി.വിജയകുമാര്‍ (42) എന്നിവരെയാണ് അറസ്റ്റുചെയ്തത്. വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇവരുടെ മേല്‍ ചുമത്തിയത്.
തിങ്കളാഴ്ച രാവിലെ അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ 12.40ന് ചേരിതിരിഞ്ഞു നടത്തിയ സംഘട്ടനത്തില്‍ നാലുപര്‍ക്ക് വെട്ടേറ്റിരുന്നു. ഒരാള്‍ക്ക് ഗുരുതരമായ പരിക്കേറ്റു. പ്രദേശവാസികളായ ആനുരാഗ് (23), ആദര്‍ശ് (23), അലക്സ് ആന്റണി(22), നകുല്‍ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ അനുരാഗിന്റെ പരിക്ക് സാരമുള്ളതാണ്.
ഇവര്‍ നഗരത്തിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. സംഭവം നടന്നയുടന്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തിങ്കളാഴ്ച രാവിലെ ഫൊറന്‍സിക് വിഭാഗവും തെളിവെടുത്തു. കളിയില്‍ വിജയിച്ച അര്‍ജന്റീനയുടെ ആരാധകര്‍ ആഹ്ലാദപ്രകടനം നടത്തുന്നതിനിടയിലാണ് സംഘട്ടനം നടന്നത്. കളിയില്‍ ബ്രസീല്‍ തോറ്റ ദിവസവും ഇതേ സ്ഥലത്ത് സംഘട്ടനം നടന്നിരുന്നു.
എന്നാല്‍, ഫുട്ബോള്‍ ആരാധകര്‍ എന്ന മറ മാത്രമേ ഇവര്‍ക്കുള്ളൂ എന്നും അറസ്റ്റിലായവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളും ലഹരിക്ക് അടിപ്പെട്ടവരുമാണെന്ന് ടൗണ്‍ ഇന്‍സ്പക്ടര്‍ പി.എ.ബിനുമോഹന് പറഞ്ഞു. പൂര്വവിരോധമാണ് സംഘട്ടനങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്താന്‍ ശ്രമം: രണ്ടുപേര്‍ റിമാന്‍ഡില്‍
തലശ്ശേരി: ഫുട്ബോള്‍ മത്സരത്തിന്റെ ആവേശത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ തലശ്ശേരിയില്‍ കാറുമായി നഗരം ചുറ്റി ഗതാഗതതടസ്സമുണ്ടാക്കുകയും പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതിന് രണ്ടുപേര്‍ അറസ്റ്റില്‍.
നാരങ്ങാപ്പുറം ബുഷ്റ മന്‍സില്‍ സഫ്വാന് (23), തലശ്ശേരി ഒ.വി. റോഡ് മെഫില്ലില് വി.പി. സല്മാന് ഫാരിസ് (18) എന്നിവരാണ് അറസ്റ്റിലായത്.
തലശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡ് പരിസരം എം.ജി. റോഡിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 14 പേര്‍ക്കെതിരേ തലശ്ശേരി പോലീസ് കേസെടുത്തു.
നാലംഗസംഘം വാഹനവുമായി ഇറങ്ങിയതോടെ മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാതെയായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ്.ഐ. എം.പി. മനോജിനോട് കാറിലുണ്ടായിരുന്നവര്‍ കയര്‍ത്ത് സംസാരിച്ചു. ബഹളമായതോടെ കാറിലുണ്ടായിരുന്നവരുടെ സുഹൃത്തുക്കളുമെത്തി. ഇവര്‍ പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്.