ഫെയ്സ്ബുക്കില്‍ സൗഹൃദം, ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്
കാസര്‍കോട് : വിവിധ ജില്ലകളില്‍ താമസിച്ച് നേരിട്ടും സാമൂഹികമാധ്യമങ്ങളിലൂടെയും തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ കൈക്കലാക്കിയ ദമ്പതിമാരെ ചീമേനി പോലീസ് ആലപ്പുഴ കലവൂരിലെത്തി അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആനയറയിലെ മനു ബാലകൃഷണന് (34), ഭാര്യ ശരണ്യ ശശിധരന് (28) എന്നിവരാണ് അറസ്റ്റിലായത്. എന്‍ജിനിയറിങ് ബിരുദധാരി തിമിരി മനത്തടത്തെ ആര്. ശ്രീനാഥിന്റെ (24) പരാതിയിലാണ് ചീമേനി എസ്.ഐ. കെ. അജിതയും സംഘവും പ്രതികളെ പിടികൂടിയത്. സമാനരീതിയില്‍ നിരവധി തട്ടിപ്പുകള്‍ ഇവര്‍ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. നിരവധി തിരിച്ചറിയല്‍ കാര്‍ഡുകളും പിടിച്ചെടുത്തു.
പ്രമുഖ കമ്പനിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ശ്രീനാഥില്നിന്ന് നാലുലക്ഷം രൂപയാണ് തട്ടിയെടുത്തത്. അഭിഷേക് എന്ന വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ഫെയ്സ്ബുക്കില്‍ സൗഹൃദമുണ്ടാക്കിയ ശരണ്യ കമ്പനിയുടെ വ്യാജ ഇ-മെയിലില്‍ സന്ദേശമയക്കുകയായിരുന്നു. കമ്പനിയുടെ ദുബായ് ശാഖയിലാണ് ജോലിയെന്ന് വിശ്വസിപ്പിച്ചു. വിസയ്ക്കും മറ്റു ആവശ്യങ്ങള്‍ക്കുമുള്ള ചെലവ് എന്നുപറഞ്ഞാണ് ഇത്രയും തുക ഈടാക്കിയത്. ശരണ്യയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ താമസിക്കുന്ന എറണാകുളം മൂഴിക്കുളത്തെ വിലാസം കിട്ടി. അന്വേഷിച്ചപ്പോള്‍ അവിടെനിന്ന് മാറിയെന്ന് വിവരം ലഭിച്ചു. തുടരന്വേഷണത്തില്‍ മൂന്നാറിലുണ്ടെന്ന് മനസ്സിലാക്കി. പോലീസ് അവിടെയെത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ദമ്പതിമാര്‍ മുങ്ങി.
ദിവസങ്ങളുടെ ഇടവേളകളില്‍ സിം കാര്‍ഡുകള്‍ നശിപ്പിച്ചതിനാല്‍ പലപ്പോഴും അന്വേഷണം വഴിമുട്ടി. ഇവര്‍ മൊബൈല്‍ ഫോണ്‍ വാങ്ങിയ കടയിലെത്തി നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. താമസിച്ചിടത്തെല്ലാം ഇവര്‍ തട്ടിപ്പ് നടത്തിയതായി വ്യക്തമായിട്ടുണ്ട്. കുട്ടിയുടെ രോഗാവസ്ഥ കാട്ടിയും ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നുവെന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണന് നായര്‍ പറഞ്ഞു. കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു