തൂങ്ങിമരിച്ചത് ടെറസിലെ തുണികള്‍ക്കിടയില്‍;കുടുംബപ്രശ്നമില്ലെന്ന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യാപിതാവ്
ഏതാനുംദിവസങ്ങള്‍ക്ക് മുമ്പാണ് ഉല്ലാസ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. കുഞ്ഞിന്റെ പിറന്നാള്‍ അടുത്തിടെയായിരുന്നു. അന്ന് പിറന്നാള്‍ ആഘോഷം നടത്താന്‍ കഴിയാത്തതിനാല്‍ ഉല്ലാസ് നാട്ടിലെത്തിയശേഷം ജന്മദിനാഘോഷം നടത്താനുള്ള ഒരുക്കത്തിലായിരുന്നു.
പത്തനംതിട്ട: നടന് ഉല്ലാസ് പന്തളവും ഭാര്യയും തമ്മില്‍ കുടുംബപ്രശ്നങ്ങളൊന്നുമില്ലെന്ന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യാപിതാവ് ശിവാനന്ദന്. മാനസികമായ എന്തെങ്കിലും അസ്വസ്ഥകാരണമാകാം മകള്‍ ആശ ജീവനൊടുക്കിയതെന്നാണ് കരുതുന്നതെന്നും തനിക്കോ കുടുംബത്തിനോ ഉല്ലാസിനെതിരേ പരാതിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നടന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ വീടിന്റെ ഒന്നാംനിലയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയെ വീട്ടില്‍ കാണാനില്ലെന്ന് ഉല്ലാസ് പന്തളം അറിയിച്ചതിന് പിന്നാലെ പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് തൂങ്ങിനില്‍ക്കുന്നനിലയില്‍ ആശയെ കണ്ടെത്തിയത്. ഉടന്‍തന്നെ ബന്ധുക്കളും പോലീസും ചേര്‍ന്ന് താഴെയിറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു.
തിങ്കളാഴ്ച രാത്രി ഉല്ലാസ് വീട്ടിലെത്തിയതിന് പിന്നാലെ ഭാര്യയുമായി ചെറിയ പിണക്കമുണ്ടായെന്നാണ് വിവരം. ഇതിനുശേഷം ആശ മക്കള്‍ക്കൊപ്പം മുകള്‍നിലയിലെ മുറിയില്‍ കിടക്കാന്‍ പോയെന്നാണ് ഉല്ലാസ് കരുതിയിരുന്നത്. എന്നാല്‍ അല്പസമയത്തിന് ശേഷം ഉല്ലാസ് മുകള്‍നിലയിലെ മുറിയില്‍ എത്തിയപ്പോള്‍ ഭാര്യയെ കുഞ്ഞുങ്ങള്‍ക്കൊപ്പം കണ്ടില്ല. തുടര്‍ന്ന് വീട്ടിലെ മറ്റുമുറികളും പരിസരവും പരിശോധിച്ചു. ഇതിനുപിന്നാലെയാണ് പോലീസിനെ വിവരമറിയിച്ചത്.
പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ഒന്നാംനിലയിലെ ടെറസില്‍ ഷീറ്റിട്ട ഭാഗത്ത് തൂങ്ങിനില്‍ക്കുന്ന നിലയില്‍ ആശയെ കണ്ടെത്തിയത്. ഉണങ്ങാനിട്ട തുണികള്‍ക്കിടയിലാണ് ആശ തൂങ്ങിമരിച്ചതെന്നാണ് വിവരം. ഇതുകാരണമാകാം ആദ്യപരിശോധനയില്‍ ശ്രദ്ധയില്‍പ്പെടാതിരുന്നതെന്നും കരുതുന്നു.
അതിനിടെ, തിങ്കളാഴ്ച രാവിലെയും വൈകുന്നേരവും മകളുമായി ഫോണില്‍ സംസാരിച്ചിരുന്നതായി ആശയുടെ പിതാവ് ശിവാനന്ദന് മാധ്യമങ്ങളോട് പറഞ്ഞു. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നതായി മകള്‍ പറഞ്ഞിരുന്നില്ല. ഉല്ലാസും മകളും തമ്മില്‍ കുടുംബപ്രശ്നങ്ങളൊന്നുമില്ല. ഉല്ലാസിനെക്കുറിച്ച് നല്ല അഭിപ്രായം മാത്രമാണുള്ളത്. ഏതാനുംദിവസങ്ങള്‍ക്ക് മുമ്പാണ് ഉല്ലാസ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. കുഞ്ഞിന്റെ പിറന്നാള്‍ അടുത്തിടെയായിരുന്നു. അന്ന് പിറന്നാള്‍ ആഘോഷം നടത്താന്‍ കഴിയാത്തതിനാല്‍ ഉല്ലാസ് നാട്ടിലെത്തിയശേഷം ജന്മദിനാഘോഷം നടത്താനുള്ള ഒരുക്കത്തിലായിരുന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ചെറിയ പ്രശ്നങ്ങളൊക്കെ അവര്‍ക്കിടയിലുണ്ടായിരുന്നുള്ളൂ. അതെല്ലാം അവര്‍ രാവിലെ തന്നെ പരിഹരിക്കും. ഉല്ലാസിനെതിരേ തനിക്കോ തന്റെ കുടുംബത്തിനോ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.