തിരുവനന്തപുരത്ത് വിജിലൻസ് സി ഐയെ വീടിന് മുന്നിലിട്ട് തല്ലിച്ചതച്ചു, അക്രമം നടത്തിയത് ഇരുപതിലധികം പേർ
തിരുവനന്തപുരം: വിജിലൻസ് സി ഐയ്ക്ക് നേരെ ആൾക്കൂട്ട ആക്രമണം. തിരുവനന്തപുരം വെമ്പായത്ത് ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. വെമ്പായം സ്വദേശിയായ വിജിലൻസ് സി ഐ യഹിയ ഖാനാണ് മർദ്ദനമേറ്റത്. ഇദ്ദേഹത്തിന്റെ വീടിനുമുന്നിലായിരുന്നു സംഭവം.ഇന്നലെ വെമ്പായം തേക്കട റോയൽ ഓഡിറ്റോറിയത്തിൽ ഒരു വ്യോമസേന ജീവനക്കാരന്റെ വിവാഹവാർഷികവുമായി ബന്ധപ്പെട്ട ആഘോഷം നടന്നിരുന്നു. ഇതിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനം യഹിയ ഖാന്റെ വീടിനുമുന്നിൽ വഴി തടസപ്പെടുത്തി പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് സംഭവസ്ഥലത്തുനിന്ന് അഞ്ചുപേരെ അറസ്റ്റുചെയ്തു. പതിനഞ്ച് പേർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. മർദ്ദനത്തിൽ പരിക്കേറ്റ സി ഐയെ കന്യാകുളങ്ങര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയും പൊലീസ് ഉദ്യോഗസ്ഥയാണെന്നാണ് അറിയുന്നത്.