പിറന്നാൾ ആഘോഷിക്കാൻ അർദ്ധരാത്രി മൂന്ന് സ്ത്രീകൾക്കൊപ്പമെത്തി; പിറ്റേന്ന് മുറിയിൽ ചെന്ന ജീവനക്കാർ കണ്ടത് അമ്പതുകാരന്റെയും സ്ത്രീയുടെയും മൃതദേഹം
ന്യൂഡൽഹി: പിറന്നാൾ ആഘോഷിക്കാനെത്തിയ പുരുഷനെയും സ്ത്രീയേയും ക്ലബിൽ മരിച്ചനിലയിൽ കണ്ടെത്തി.ഗുരുഗ്രാമിലെ നൈറ്റ് റൈഡർ ക്ലബ്ബിന്റെ ക്യാബിനിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് സ്ത്രീകളെ അബോധാവസ്ഥയിലും കണ്ടെത്തിയിട്ടുണ്ട്.ഹിസാറിലെ താമസക്കാരനും ക്ലബ് ഉടമയുടെ സഹോദരനുമായ സഞ്ജീവ് ജോഷി എന്നയാളും ഇയാൾക്കൊപ്പമുണ്ടായിരുന്ന സ്ത്രീയുമാണ് മരിച്ചത്. ജന്മദിനം ആഘോഷിക്കാനായി ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് സഞ്ജീവും മൂന്ന് സ്ത്രീകളും ക്ലബിലെത്തിയത്.ആഘോഷങ്ങള്ക്ക് ശേഷം ഇവർ ഭക്ഷണം ഓർഡർ ചെയ്തു. തുടർന്ന് നെരിപ്പോടുള്ള മുറിയ്ക്കുള്ളിലേക്ക് പോയി രാത്രി അവിടെയാണ് ചിലവഴിച്ചതെന്നാണ് ജീവനക്കാർ പറയുന്നത്. ഈ മുറിയിൽ വെന്റിലേഷൻ ഇല്ലായിരുന്നു. പുറത്ത് കടുത്ത തണുപ്പമായതിനാൽ തീകായാനായി നാൽവർ സംഘം തീ കത്തിച്ചിരിക്കാമെന്നും, ഈ പുക ശ്വസിച്ച് ശ്വാസം മുട്ടിയാകാം ഇരുവരും മരിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. ക്യാബിനിൽ വഴക്കുണ്ടായതിന്റെ തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. കൊലപാതകമടക്കമുള്ള സാദ്ധ്യതകൾ പരിശോധിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ക്ലബ് ഉടമയുടെ സഹോദരനായതിനാൽ സ്ത്രീകളുടെ വിവരങ്ങൾ പരിശോധിച്ചിരുന്നില്ലെന്നും ആഘോഷം നടക്കുന്ന ഭാഗത്ത് പോയി ശല്യപ്പെടുത്തിയിട്ടില്ലെന്നും ജീവനക്കാർ പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ക്ലബ് വൃത്തിയാക്കാനായി ജീവനക്കാർ ക്യാബിനിലേക്ക് പോയി. വാതിൽ തുറന്നപ്പോൾ മുറിയിൽ പുക നിറഞ്ഞിരുന്നു. ഉടൻ തന്നെ ഉടമയെ വിവരമറിയിക്കുകയും ചെയ്തു. അദ്ദേഹംസ്ഥലത്തെത്തി നാലുപേരെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും സഞ്ജീവ് ജോഷിയും യുവതിയും മരിച്ചിരുന്നു.