കുവൈത്തില്‍ പാര്‍സലുകളില്‍ കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് പിടികൂടി
കുവൈത്ത് സിറ്റി: കുവൈത്തില്‍ മൂന്ന് പോസ്റ്റല്‍ പാര്‍സലുകളില്‍ കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ പിടിച്ചെടുത്തു. എയര്‍ കസ്റ്റംസ് വിഭാഗമാണ് ലഹരി ഗുളികകള്‍ പിടികൂടിയത്. ആദ്യത്തെ പാര്‍സലില്‍ നിന്ന് 900 ലിറിക്ക ഗുളികകളാണ് പിടിച്ചെടുത്തത്. രണ്ടാമത്തെ പാര്‍സലില്‍ നിന്ന് 300 ഗ്രാം ക്രാറ്റം, മൂന്നാമത്തെ പാര്‍സലില്‍ നിന്ന് അര കിലോ ക്രാറ്റം എന്നിവയും പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം കുവൈത്തിലേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം അധികൃതര്‍ പരാജയപ്പെടുത്തിയിരുന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ അഞ്ചില്‍ വെച്ചാണ് ഹാഷിഷുമായെത്തിയ വിദേശിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. അറബ് യുവാവാണ് പിടിയിലായത്. ഇലക്ട്രോണിക് സ്കെയിലിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ നാല് ഹാഷിഷ് കഷണങ്ങളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ബാറ്ററി മാറ്റി ഈ സ്ഥലത്ത് സിഗരറ്റിന്റെ രൂപത്തിലാക്കി ഹാഷിഷ് ഒളിപ്പിക്കുകയായിരുന്നു. ഇയാളെ തുടര്‍ നിയമ നടപടികള്‍ക്കായി ലഹരിമരുന്ന് നിയന്ത്രണ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.