പഠനം കഴിഞ്ഞുവരുന്ന പെൺകുട്ടികൾക്ക് പേടിസ്വപ്നമായി രണ്ട് വർഷമായി ഈ ‘ഞരമ്പ് രോഗി’ തലസ്ഥാനത്തുണ്ട്, ഉണരുമോ പൊലീസ്
തിരുവനന്തപുരം: കവടിയാർ പണ്ഡിറ്റ് കോളനിയിൽ കഴിഞ്ഞ നവംബർ 26ന് രാത്രി 8.30ന് സിവിൽ സർവീസ് ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ പെൺകുട്ടികളെ കടന്നുപിടിച്ച പ്രതി നഗരത്തിൽ വിവിധയിടങ്ങളിൽ സമാന അതിക്രമം നടത്തിയ ആളാണെന്ന് മ്യൂസിയം പൊലീസ്. ഈ സംഭവത്തിൽ ഇയാളെ പിടികൂടാനായി നടത്തിയ അന്വേഷണത്തിൽ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സ്ഥിരം ക്രിമിനലാണെന്ന് മനസിലായത്.എന്നാൽ ഇയാളുടെ പേരോ മറ്റു വിവരങ്ങളോ ലഭിച്ചിട്ടില്ല. സി.സി ടിവി ദൃശ്യങ്ങൾ വച്ച് ഇയാളെ വലയിലാക്കാൻ ഊർജിത ശ്രമം തുടങ്ങി. മുഖം തിരിച്ചറിയാൻ സി.സി ടിവി ദൃശ്യങ്ങൾ ഫോറൻസിക് ലാബിൽ അയച്ചു. ബൈക്കിൽ സഞ്ചരിച്ച് രണ്ടുവർഷത്തിലേറെയായി ഇയാൾ സ്ത്രീകളെ ശല്യം ചെയ്യുന്നുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്. വ്യാജ നമ്പറിലുള്ള ബൈക്കാണ് ഉപയോഗിക്കുന്നത്.പേരൂർക്കട, മെഡിക്കൽ കോളേജ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുണ്ട്. 2020 മേയ് 21ന് പേരൂർക്കടയിൽ റോഡിലൂടെ നടന്നുവന്ന വിദ്യാർത്ഥിനിയെ കടന്നുപിടിക്കുന്ന സി.സി ടിവി ദൃശ്യങ്ങളും 2020 ഒക്ടോബറിൽ മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽ സ്ത്രീകളും കുട്ടികളും താമസിക്കുന്ന സ്ഥലത്ത് നഗ്നതാപ്രദർശനം നടത്തിയതിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഈ സംഭവങ്ങളിൽ കേസെടുത്തെങ്കിലും ഇയാളെ പിടികൂടാനായിരുന്നില്ല.കവടിയാറിൽ അതിക്രമം കാട്ടിയത് കെ.എൽ 01 സി.ബി 3928 എന്ന ഹോണ്ട യൂണിക്കോൺ ബൈക്കിലാണെന്നും കണ്ടെത്തി. ഈ നമ്പർ വ്യാജമാണ്. മെഡിക്കൽ കോളേജ്, പേരൂർക്കട സംഭവങ്ങളിലും ഇതേ നമ്പറിലെ ബൈക്കാണ് ഉപയോഗിച്ചത്. ഇയാളെ കണ്ടെത്താൻ നഗരത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും സിറ്റി പൊലീസ് കമ്മിഷണർ നിർദ്ദേശം നൽകി.