മദ്യപിച്ചാൽ എന്തെങ്കിലും ഒക്കെ ചെയ്യണം, പൊലീസ് വണ്ടിക്ക് തീയിട്ട് 40 -കാരൻ
മദ്യപിച്ചാൽ എന്തെങ്കിലും കാട്ടിക്കൂട്ടിയില്ലെങ്കിൽ ചില മനുഷ്യർക്ക് സമാധാനം കിട്ടില്ല. ഫ്ലോറിഡയിലും ഒരാൾ ഇതുപോലെ ഒരു കാര്യം ചെയ്തു. എന്നാൽ, കുറച്ച് കഴിഞ്ഞപ്പോൾ ചെയ്ത കാര്യത്തിലെ കുറ്റബോധം സഹിക്കാൻ കഴിയാതെ അയാൾ തന്നെ നേരിട്ട് പൊലീസിനെ കണ്ട് താൻ ചെയ്ത കാര്യം ഏറ്റ് പറഞ്ഞു.
ഡിസംബർ 7 -നാണ് സംഭവം നടന്നത്. ആന്റണി തോമസ് ടാർഡുനോ എന്ന 48 -കാരൻ വൈകുന്നേരം 4:30 ഓടെ നോർത്ത്ക്ലിഫ് ബൊളിവാർഡിലെ ഒരു ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങി. അങ്ങനെ മദ്യപിച്ച് പുറത്തിറങ്ങിയപ്പോഴാണ് എന്നാൽ ഇന്നൊരു കാർ കത്തിച്ച് കളയാം എന്ന് ആന്റണി തീരുമാനിക്കുന്നത്.
“നടക്കുന്നതിനിടയിൽ, ആന്റണി പട്രോളിംഗ് വാഹനം കണ്ടു. അതോടെ അതിന് തീയിടാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു” എന്ന് ഹെർണാണ്ടോ കൗണ്ടി ഷെരീഫിന്റെ ഓഫീസ് ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. “അയാൾ അടുത്തുള്ള ഒരു കുപ്പത്തൊട്ടിയിൽ നിന്നും ഒരു മാലിന്യം നിറച്ച സഞ്ചി എടുത്തു. ശേഷം അയാളാ ബാഗ് പട്രോളിംഗ് വാഹനത്തിനടിയിൽ വയ്ക്കുകയും ലൈറ്റർ ഉപയോഗിച്ച് കത്തിക്കുകയും ചെയ്യുകയായിരുന്നു“ എന്നും പത്രക്കുറിപ്പിൽ പറയുന്നു.
വണ്ടി കത്തിച്ച ശേഷം ഇയാൾ ബാറിലേക്ക് തന്നെ തിരികെ പോയി. എന്നാൽ, കുറച്ചു നേരം കഴിഞ്ഞപ്പോൾ അയാൾക്ക് വലിയ കുറ്റബോധം തോന്നുകയായിരുന്നു. ശേഷം അയാൾ വാഹനത്തിനരികിലെത്തി താനാണ് അത് കത്തിച്ചത് എന്ന് തുറന്ന് പറയുകയായിരുന്നു. താൻ ലഹരിയിൽ ആയിരുന്നു എന്നും മദ്യപിച്ച് കഴിഞ്ഞാൽ ഇങ്ങനെ എന്തെങ്കിലും ചെയ്യുന്നത് തന്റെ ശീലമായിപ്പോയി എന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
അന്വേഷണത്തിലുടനീളം ആന്റണി സഹകരിച്ചു. ഒപ്പം ഇതിനു മുമ്പും താൻ മദ്യപിച്ചിട്ട് പല തവണ ഇങ്ങനെയുള്ള പല കാര്യങ്ങളും ചെയ്തിട്ടുണ്ട് എന്നും ഇയാൾ സമ്മതിച്ചു. ഏതായാലും ഇയാളുടെ വാർത്തയ്ക്ക് വലിയ പ്രചാരമാണ് സാമൂഹിക മാധ്യമങ്ങളിൽ കിട്ടിയത്.