ഷംനാദ് ശരിക്കും ജയിൽ പുള്ളിയായി ! പെട്ടെന്ന് പണക്കാരനാകാനുള്ള അത്യാഗ്രഹം സീരിയൽ നടനെ ജയിലിലാക്കി
ചാരുംമൂട്. ചാരുംമൂട്ടിലെ കള്ളനോട്ട് കേസിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്ന് സൂചന. ഇടുക്കി കട്ടപ്പനയിൽ നിന്ന് ഇന്നലെ ഒരു പ്രതി കൂടി പിടിയിലായിട്ടുണ്ടെന്നാണ് വിവരം. പൊലീസ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല. കേസിൽ സിനിമ,സീരിയൽ നടൻ ഉൾപ്പെടെ അഞ്ചുപേർ നേരത്തേ പിടിയിലായിരുന്നു. തിരുവനന്തപുരം തൈക്കാട് ഫലഹ് നാസ വീട്ടിൽ നിന്നു നേമം കാരയ്ക്കാമണ്ഡപം സാഹിത് വീട്ടിൽ താമസിക്കുന്ന സീരിയൽ നടൻ ഷംനാദ് (ശ്യാം ആറ്റിങ്ങൽ 40), കൊട്ടാരക്കര വാളകം പാണക്കാട് ശ്യാം ശശി (29), ചുനക്കര കോമല്ലൂർ വേളൂർ വീട്ടിൽ രഞ്ജിത്ത് (49), കല്ലട സ്വദേശിയും പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കൊല്ലം ഈസ്റ്റ് കല്ലട ഷാജി ഭവനത്തിൽ ക്ലീറ്റസ് (45), താമരക്കുളം പേരൂർ കാരായ്മ അക്ഷയ നിവാസിൽ ലേഖ (48) എന്നിവരാണ് പിടിയിലായത്. ഇവർ റിമാൻഡിലാണ്.
ചാരുംമൂട്ടിലെ സൂപ്പർമാർക്കറ്റിൽ സാധനം വാങ്ങാനെത്തിയ ലേഖയുടെ കൈയിൽ നിന്നു ലഭിച്ച 500ന്റെ നോട്ടിൽ സംശയം തോന്നിയ ജീവനക്കാർ നൂറനാട് പൊലീസിൽ അറിയിച്ചതിനെത്തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. നൂറനാട് സി.ഐ പി.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.