കോഴിക്കോട് മദ്യം കയറ്റിവന്ന ലോറി അപകടത്തിൽപ്പെട്ടു; മദ്യക്കുപ്പി കൈക്കലാക്കാനുള്ള തിരക്കിൽ നാട്ടുകാർ
കോഴിക്കോട്: മദ്യം കയറ്റി വന്ന ലോറി അപകടത്തിൽപ്പെട്ടതിനിടെ റോഡിൽ വീണ മദ്യക്കുപ്പികൾ കൈക്കലാക്കി നാട്ടുകാർ. കോഴിക്കോട് ഫറോക് പഴയ പാലത്തിലാണ് സംഭവം.ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. പാലത്തിലൂടെ വന്ന ലോറി ഇടിച്ച് അപകടമുണ്ടാവുകയായിരുന്നു. തുടർന്ന് അൻപതോളം കെയ്സ് മദ്യം റോഡിലേയ്ക്ക് തെറിച്ചുവീണു. ലോറി നിർത്താതെ പോയതോടെ മദ്യകുപ്പികൾ പെറുക്കിയെടുക്കാനുള്ള തിരക്കിലായി നാട്ടുകാർ. പിന്നീട് പൊലീസ് സ്ഥലത്തെത്തി അവശേഷിച്ച മദ്യകുപ്പികൾ സ്റ്റേഷനിലേയ്ക്ക് മാറ്റി. ലോറിയെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.