കഞ്ചാവ് മാഫിയയുടെ ആക്രമണം; ഗൃഹനാഥന്റെ ചെവിയ്ക്ക് വെട്ടേറ്റു, ഭാര്യയ്ക്കും മകള്‍ക്കും മര്‍ദനം
തിരുവനന്തപുരം: പാറശ്ശാലയില്‍ കഞ്ചാവ് മാഫിയ ഗൃഹനാഥനെ വെട്ടിപരിക്കേല്‍പ്പിച്ചു. പരശുവയ്ക്കല്‍ സ്വദേശി അജിയെയാണ് നാലംഗസംഘം ആക്രമിച്ചത്. ചെവിയ്ക്ക് വെട്ടേറ്റ അജിയെയും മര്‍ദനത്തിനിരയായ ഭാര്യയെയും മകളെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അയല്‍ക്കാരനായ അനീഷ് അടക്കമുള്ള കണ്ടാലറിയാവുന്ന നാലുപേരാണ് ആക്രമിച്ചതെന്നാണ് അജിയുടെ ആരോപണം. ഭാര്യയ്ക്കും മകള്‍ക്കും മര്‍ദനത്തില്‍ പരിക്കേറ്റതായും വീട്ടില്‍നിന്ന് മാലയും പണവും അക്രമിസംഘം കവര്‍ന്നിട്ടുണ്ടെന്നും അജി പറഞ്ഞു.
അജിയെ ആക്രമിച്ച യുവാക്കളും മറ്റുചില സംഘങ്ങളും പ്രദേശത്ത് ലഹരി ഉപയോഗിക്കുന്നതും ലഹരിവില്‍പ്പന നടത്തുന്നതും പതിവായിരുന്നു. അജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുവെച്ചും ഇവര്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്തതിലുള്ള വൈരാഗ്യത്തിലാണ് കഴിഞ്ഞദിവസം നാലംഗസംഘം അജിയെ വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ചത്. ഇതേസംഘം നേരത്തെ മറ്റൊരാളെയും ആക്രമിച്ചിരുന്നു. ഈ സംഭവത്തില്‍ പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു.