പുലർച്ചെ വരെ ഫോണിൽ സംസാരിച്ചതിന് 17കാരിയെ രണ്ടാനച്ഛൻ അടിച്ചുകൊന്നു
ഹൈദരാബാദ്: ഫോണിൽ സംസാരിച്ചതിന് 17കാരിയെ രണ്ടാനച്ഛൻ അടിച്ചുകൊന്നു. ഹൈദരാബാദിലെ മുഷീറാബാദിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. യാസ്മീനുന്നിസ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. പ്രതി തൗഫീഖ് പൊലീസിൽ കീഴടങ്ങി.പത്ത് വർഷം മുമ്പ് വികാരാബാദിൽ നടന്ന തീവണ്ടി അപകടത്തിലാണ് യാസ്മീനുന്നിസയുടെ പിതാവ് മരിച്ചത്. തുടർന്നാണ് കുട്ടിയുടെ മാതാവ് റഹീമുന്നിസ തൗഫീഖിനെ വിവാഹം കഴിക്കുന്നത്. പിന്നീട് അവർ തന്റെ രണ്ട് പെൺമക്കൾക്കും ഭർത്താവിനുമൊപ്പം നഗരത്തിലേയ്ക്ക് താമസം മാറി. ഓട്ടോറിക്ഷ ഓടിച്ചാണ് തൗഫീഖ് കുടുംബം നോക്കിയിരുന്നത്. ഒരു വര്‍ഷം മുമ്പ് റഹീമുന്നീസ ജോലിക്കായി ബഹ്റൈനിലേക്ക് പോയി. കുട്ടികളെ തൗഫീഖിന്റെ അടുത്താക്കിയാണ് ഗള്‍ഫിലേക്ക് പോയത്.ശനിയാഴ്ച രാത്രി മൂന്നുപേരും ഭക്ഷണം കഴിച്ച് ഉറങ്ങുകയായിരുന്നു. വെളുപ്പിന് 3.30ഓടെ തൗഫീഖ് ഉണർന്നപ്പോൾ യാസ്മീനുന്നിസ ഫോണിൽ സംസാരിക്കുന്നതിന്റെ ശബ്ദം കേട്ടു. തുടർന്ന് പ്രകോപിതനായ തൗഫീഖ് കുട്ടിയുടെ ഫോൺ പിടിച്ചുവാങ്ങിയ ശേഷം മർദിക്കുകയായിരുന്നു. കരച്ചിൽ കേട്ട് ഇളയ കുട്ടി എഴുന്നേറ്റു വന്നെങ്കിലും തൗഫീഖ് അവളെ തള്ളിമാറ്റി യാസ്മീനുന്നിസയെ മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ചു വാതിലടച്ച ശേഷം മർദനം തുടർന്നു. കുട്ടി ബോധരഹിതയായി വീണതിനെ തുടർന്ന് ഉടൻ തന്നെ ഇയാൾ ഗാന്ധിനഗറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കൊലപാതക കുറ്റത്തിന് തൗഫീഖിനെതിരെ പൊലീസ് കേസെടുത്തു. തുടർന്ന് ഞായറാഴ്ച ഇയാൾ പൊലീസിന് മുന്നിൽ ഹാജരാകുകയായിരുന്നു.