അച്ഛനും മകനും ജീവിച്ചത് ഭിക്ഷയെടുത്ത്, ഭാണ്ഡക്കെട്ടുകൾ പരിശോധിച്ചപ്പോൾ ലഭിച്ചത് ഒരുലക്ഷത്തിലധികം രൂപയുടെ നോട്ടുകൾ
അമ്പലപ്പുഴ: തകർന്നടിഞ്ഞ ഷെഡിൽ കഴിഞ്ഞ പിതാവിനും മാനസിക നില തെറ്റിയ മകനും സുരക്ഷിത ഇടമൊരുക്കി സുമനസുകൾ. ഇവരുടെ ഭാണ്ഡക്കെട്ടിൽ നിന്ന് ലഭിച്ചത് ഒരു ലക്ഷത്തിലധികം രൂപ!കാക്കാഴം റെയിൽവെ മേൽപ്പാലത്തിന് വടക്ക് ഭാഗത്ത് റോഡിനോടു ചേർന്ന് വർഷങ്ങളായി അന്തിയുറങ്ങുന്ന പിതാവിനും മകനുമാണ് നാട്ടുകാർ തണലായത്. ഔറംഗാബാദ് സ്വദേശിയായ ഹബീബ് ഹക്ക് മാനസിക നില തെറ്റിയ മകൻ മുക്താറിനൊപ്പം ഇവിടെയെത്തിയിട്ട് 15 വർഷം കഴിഞ്ഞു. മകന്റെ കൈ ചേർത്തു പിടിച്ച് ഭിക്ഷയെടുത്തായിരുന്നു ജീവിതം. ഇതിനിടയിൽ പലയിടത്തു നിന്നായി വാങ്ങിയ തടി, ടൈൽസ്, പലക, ഷീറ്റ് തുടങ്ങിയവ ഉപയോഗിച്ച് കാക്കാഴം മേൽപ്പാലത്തിന് വടക്കു ഭാഗത്തായി ഹബീബ് ഹക്ക് താത്കാലിക കൂരയും നിർമ്മിച്ചു. നിരവധി പാത്രങ്ങളും പണം കൊടുത്തു വാങ്ങി.കൊവിഡ് കാലത്ത് ഇവരെ ഇവിടെ നിന്ന് മാറ്റാൻ അധികൃതർ ശ്രമിച്ചെങ്കിലും തയ്യാറായില്ല. ഇപ്പോൾ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഷെഡ് പൊളിച്ചുനീക്കാൻ തീരുമാനമായതോടെയാണ് പിതാവിനും മകനും സുരക്ഷിത ഇടമൊരുക്കണമെന്ന് ഗ്രാമ പഞ്ചായത്തംഗം ലേഖ മോൾ സനൽ തീരുമാനിച്ചത്. ആശാ വർക്കർ ഷേർളിയുമായി ചേർന്ന് പൊതു പ്രവർത്തകൻ നിഖിലിനെ കണ്ട് വിവരമറിയിച്ചതോടെ നിഖിൽ മുൻ കൈയെടുത്ത് കൊല്ലം മൈനാകപ്പള്ളി കടപ്പയിൽ പ്രവർത്തിക്കുന്ന കർമയിൽ സ്നേഹാലയം ഉടമ ഷിഹാബുദ്ദീൻ മധുരിമയുമായി ബന്ധപ്പെട്ടു. സഹായിക്കാമെന്ന് അദ്ദേഹം അറിയിച്ചതോടെ കഴിഞ്ഞ ദിവസം ഇരുവരെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കി. മറ്റ് വൈദ്യ പരിശോധനകളും പൂർത്തിയാക്കി.ഇന്നലെ രാവിലെ അമ്പലപ്പുഴ പൊലീസിന്റെ സമ്മത പത്രവും ലഭിച്ചു. ഇതിന് ശേഷം ഹബീബിന്റെ ഭാണ്ഡക്കെട്ടുകൾ പരിശോധിച്ചപ്പോഴാണ് 1.19 ലക്ഷം രൂപ ലഭിച്ചത്. നിരോധിച്ചതും മുഷിഞ്ഞതും കീറിയതുമായ നോട്ടുകൾ വേറെയുമുണ്ടായിരുന്നു.ഇവർ താമസിച്ചിരുന്ന ഷെഡ് 7,000 രൂപയ്ക്ക് ലേലവും നടത്തി. ലഭിച്ച തുക സ്നേഹാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറാനും തീരുമാനിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ്, അംഗം യു.എ. കബീർ തുടങ്ങിയവരും നേതൃത്വം നൽകി.