മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയ അഭിഭാഷകന്റെ ലക്ഷങ്ങൾ വിലയുന്ന മെഴ്സിഡസ് കാർ അടിച്ചുകൊണ്ടുപോയി, പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്
ന്യൂഡൽഹി: മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയ അഭിഭാഷകനെ കത്തിമുനയിൽ നിർത്തി മെഴ്സിഡസ് കാർ കടത്തികൊണ്ടുപോയതായി പരാതി. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ഡൽഹിയുടെ തെക്കുപടിഞ്ഞാറുള്ള ഗുരുഗ്രാമിൽ സെക്ടർ 29ലാണ് സംഭവം. സെക്ടർ 66ലെ താമസക്കാരനായ അഭിഭാഷകൻ അനുജ് ബേദിയാണ് പരാതി നൽകിയത്. 2014 മോഡൽ വെള്ള മെഴ്സിഡസ് സി220 ആണ് കളവുപോയത്.
സെക്ടർ 29ലുള്ള മദ്യവിൽപ്പനശാലയിൽ നിന്ന് മടങ്ങുന്നതിനിടെ ഓഡി ഷോറൂം ചോക്കിന് സമീപത്തായി മൂത്രമൊഴിക്കുന്നതിനായി കാർ നിർത്തുകയായിരുന്നെന്ന് അനുജ് ബേദി പരാതിയിൽ പറയുന്നു. തിരിച്ചുവരുന്നതിനിടെ തന്റെ മുന്നിലായി ഒരു ഹ്യുണ്ടായി കാർ വന്നുനിർത്തി. അതിൽ നിന്ന് മൂന്ന് പുരുഷൻമാർ പുറത്തിറങ്ങുകയും ഒരാൾ തന്നെ കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് കാറുമായി കടന്നുകളയുകയായിരുന്നെന്ന് അഭിഭാഷകന്റെ പരാതിയിൽ വ്യക്തമാക്കുന്നു.
അനുജിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു.സി സി ടി വിയുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിയാൽ ശ്രമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.