അര്‍ധരാത്രി ആശുപത്രിയില്‍ ഏറ്റുമുട്ടി യുവാക്കള്‍, ബാറിലെ അടിപിടിയുടെ തുടര്‍ച്ച
തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് രണ്ട് സംഘങ്ങള്‍ തമ്മില്‍ ആശുപത്രി വളപ്പില്‍ ഏറ്റുമുട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. യുവാക്കള്‍ തമ്മില്‍ത്തല്ലുന്നതും ഹെല്‍മെറ്റ് കൊണ്ടടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വെള്ളിയാഴ്ച രാത്രി തമ്പാനൂരിലെ ബാറിലുണ്ടായ അടിപിടിയുടെ തുടര്‍ച്ചയായാണ് ജനറല്‍ ആശുപത്രിയിലും യുവാക്കള്‍ ഏറ്റുമുട്ടിയതെന്നാണ് വിവരം. ബാറിലെ അടിപിടിയില്‍ പരിക്കേറ്റവരുമായി ഇരുസംഘങ്ങളും ആശുപത്രിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് ആശുപത്രി വളപ്പില്‍വെച്ച് ഇവര്‍ തമ്മില്‍ വീണ്ടും സംഘര്‍ഷമുണ്ടായി. ഇതിനുപിന്നാലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ യുവാക്കള്‍ അവിടെവെച്ചും ഏറ്റുമുട്ടിയെന്നാണ് വിവരം.
അതേസമയം, അക്രമികളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസിന്റെ പ്രതികരണം. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. ശനിയാഴ്ച തന്നെ അധികൃതര്‍ പോലീസില്‍ പരാതി നല്‍കുമെന്നാണ് വിവരം.