വീട്ടിലിരുന്ന് വരുമാനം, വ്യാജ വെബ്സൈറ്റിലൂടെ യുവതിക്ക് നഷ്ടമായത് 1.8 ലക്ഷം; തിരിച്ചെടുത്ത് പോലീസ്
പാലക്കാട്: വ്യാജ വെബ്സൈറ്റിലൂടെ വീട്ടിലിരുന്ന് വരുമാനമുണ്ടാക്കാന്‍ ശ്രമിച്ച് പണം നഷ്ടപ്പെട്ട യുവതിക്ക് സൈബര്‍ പോലീസ് തുണയായി. ശക്തമായ ഇടപെടലിലൂടെ യുവതിയില്‍നിന്ന് തട്ടിപ്പുസംഘം എടുത്ത 1.8 ലക്ഷം രൂപ പോലീസ് തിരിച്ചുപിടിച്ചു.
പട്ടാമ്പിയിലെ വീട്ടമ്മയാണ് ഫോണിലേക്ക് വന്ന ടെലിഗ്രാം സന്ദേശത്തിലെ ലിങ്കില്‍ കയറി ചതിക്കുഴിയിലായത്. തട്ടിപ്പുസംഘത്തിന്റെ നിര്‍ദേശപ്രകാരം വ്യാജസൈറ്റിലേക്ക് യുവതി വിവരങ്ങള്‍ കൈമാറി. തുടര്‍ന്ന് നിര്‍ദേശിച്ച രീതിയില്‍ ഡാറ്റാ എന്‍ട്രി നല്‍കിയതിലൂടെ യുവതിക്ക് ലക്ഷങ്ങള്‍ പ്രതിഫലമായി ലഭിച്ചിട്ടുണ്ടെന്ന് തട്ടിപ്പുസംഘം വിശ്വസിപ്പിച്ചു. ഇത് പിന്‍വലിക്കുന്നതിന് പ്രവേശന ഫീസ്, വരുമാനനികുതി തുടങ്ങിയ ഇനത്തില്‍ പണമടയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
പല തവണകളായി യുവതി പണമടയ്ക്കുകയും ചെയ്തു. വീണ്ടും വീണ്ടും ഓരോ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി പണമടയ്ക്കാന്‍ സംഘം നിര്‍ബന്ധിച്ചതോടെയാണ് തട്ടിപ്പ് യുവതി തിരിച്ചറിയുന്നത്. തുടര്‍ന്ന് ഇവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സൈബര്‍ പോലീസ് ശക്തമായ ഇടപെടലുകള്‍ നടത്തിയതോടെ യുവതിയില്‍നിന്ന് തട്ടിയെടുത്ത പണം തിരികെ നല്കാന് സംഘം നിര്‍ബന്ധിതമായി.
വ്യാജസൈറ്റുകളിലെയും പരസ്യങ്ങളിലെയും സന്ദേശം വിശ്വസിച്ച് സൈബര്‍ തട്ടിപ്പുകളില്‍ കുടുങ്ങരുതെന്ന ബോധവത്കരണം വ്യാപകമാവുമ്പോഴും ഇത്തരക്കാരുടെ വലയില്‍ വീഴുന്നവര്‍ നിരവധിയാണെന്ന് പോലീസ് പറയുന്നു, സൈബര്‍ തട്ടിപ്പിനിരയായെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ സൈബര്‍ ഹെല്പ് ലൈന്‍ നമ്പറായ 1930-ല്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യണമെന്ന് പാലക്കാട് സൈബര്‍ ക്രൈം പോലീസ് ഇന്‍സ്പെക്ടര്‍ എ. പ്രതാപ് പറഞ്ഞു. സൈബര്‍ പോലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്കാനുമാവും.