‘വീട്ടിലെ ഒരംഗത്തെ പോലെ കൂടെ നിന്ന് വഞ്ചിച്ച് ഫയലുകളെല്ലാം പരിശോധിച്ചു’; സി കെ ശ്രീധരനെതിരെ കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബം
കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത സി കെ ശ്രീധരനെതിരെ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബം. വീട്ടിലെ ഒരംഗത്തെ പോലെ ഒപ്പം നിന്ന് ഫയലുകളെല്ലാം പരിശോധിച്ച സി കെ ശ്രീധരൻ കൂടെ നിന്ന് ചതിച്ചുവെന്ന് കുടുംബം ആരോപിച്ചു. ഗൂഢാലോചനയിൽ ശ്രീധരന്റെ പങ്കും അന്വേഷിണമെന്നും അവർ ആവശ്യപ്പെട്ടു.
സി കെ ശ്രീധരൻ ചെയ്തത് നീചമായ പ്രവർത്തിയെന്നാണ് ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ പറഞ്ഞത്. കേസിന്റെ തുടക്കം മുതൽ ഫയൽ പഠിച്ചയാളാണ് അദ്ദേഹം. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്ന ഘട്ടത്തിൽ എല്ലാം തലകീഴായി മറിഞ്ഞിരിക്കുകയാണ്. സിബിഐ അന്വേഷണം ആവശ്യപ്പെടുമ്പോൾ അദ്ദേഹത്തിനായിരുന്നു വലിയ താത്പര്യം. പിന്നെയാണ് നമ്മളീ കേസ് ആസിഫ് അലിയെ ഏൽപ്പിച്ചത്. ഇത് മുൻ ധാരണയാണ്. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വക്കീൽ പലവട്ടം വീട്ടിൽ വന്നിട്ടുണ്ടെന്ന് കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ പറഞ്ഞു. ഫയലൊക്കെ വാങ്ങിക്കൊണ്ടുപോയി. ഞങ്ങളെ വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സി കെ ശ്രീധരൻ നടത്തിയ ഗൂഢാലോചനയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബാർ കൗൺസിലിനെയും കോടതിയെയും സമീപിക്കുമെന്ന് സത്യനാരായണനും പറഞ്ഞു.
എന്നാൽ, വക്കാലത്ത് ഏറ്റെടുത്തത് സിപിഎം നിർദേശപ്രകാരമല്ലെന്നാണ് സി കെ ശ്രീധരന്റെ പ്രതികരണം. പ്രതികളുടെ ബന്ധുക്കളാണ് തന്നെ വക്കാലത്ത് ഏൽപ്പിച്ചതെന്നും പെരിയ കൊലക്കേസ് ഫയലുകൾ പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്ലാലിനെയും കൊലപ്പെടുത്തിയ കേസിലെ സാക്ഷി വിസ്താരം ഫെബ്രുവരി രണ്ടിന് സിബിഐ പ്രത്യേക കോടതിയിൽ തുടങ്ങും. ഇതിന് മുന്നോടിയായാണ് കെപിസിസി മുൻ വൈസ് പ്രസിഡൻ്റും മുതിർന്ന ക്രിമിനൽ അഭിഭാഷകനുമായ സി കെ ശ്രീധരൻ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തത്. ഈ അടുത്തിടെ സി കെ ശ്രീധരന് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമനടക്കം 24 പേർ പ്രതികളാണ് കേസിലുള്ളത്.
വിസ്താരത്തിന് ഹാജരാവേണ്ട സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. 54 സാക്ഷികളുടെ വിസ്താരത്തിനുള്ള തീയതികളും പേരും അടങ്ങുന്ന പട്ടികയാണ് കോടതിക്ക് നൽകിയത്. ഇവർക്ക് ഉടൻ സമൻസ് അയക്കും. പ്രതിഭാഗം സാക്ഷികളുടെ പട്ടിക ഇതുവരെ നൽകിയിട്ടില്ല. 2019 ഫെബ്രുവരി 17നാണ് കാസർകോട് പെരിയയിൽ കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടത്. സിപിഎം പ്രാദേശിക നേതാവ് പീതാംബരൻ ഉൾപ്പെടെയുള്ള പ്രതികൾ രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്ന് കൊല നടത്തിയെന്നാണ് സിബിഐ കേസ്. ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ നൽകിയ ഹർജിയിൽ ഹൈക്കോടതിയാണ് സിബിഐ തുടരന്വേഷണം നടത്താൻ ഉത്തരവിട്ടത്.