ഓട്ടോയിൽ കണ്ടെത്തിയ മാംസം ബീഫാണോ എന്ന് സംശയം; ഡ്രൈവർ അറസ്റ്റിൽ
ഇൻഡോർ: ഓട്ടോയ്ക്കുള്ളിൽ കണ്ടെത്തിയ മാംസം ബീഫാണെന്ന സംശയത്തിൽ ഡ്രൈവറെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിലാണ് സംഭവം. മിവേ ടൗൺ സ്വദേശിയായ ഒവൈസ് എന്നയാളാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ അപകടകരമായ ഡ്രൈവിംഗ്, ഗോവധ നിരോധന നിയമം എന്നിവ ചുമത്തിയാണ് ചന്ദൻ നഗർ പൊലീസ് കേസെടുത്തിരിക്കുന്നത്. ഓട്ടോറിക്ഷയിൽ കണ്ടെത്തിയ മാംസം പരിശോധനയ്ക്കായി ലാബിലേയ്ക്ക് അയച്ചതായും പൊലീസ് പറഞ്ഞു.
ബജ്രംഗ്ദൾ പ്രവർത്തകരാണ് വിവരം പൊലീസിനെ അറിയിച്ചത്. ബീഫുമായി അതിവേഗത്തിൽ പോയ ഓട്ടോറിക്ഷ മറ്റ് വാഹനങ്ങളിൽ ഇടിച്ചിരുന്നുവെന്നും തുടർന്ന് തങ്ങൾ തടയുകയായിരുന്നുവെന്നും ബജ്രംഗ്ദൾ യൂണിറ്റ് കോർഡിനേറ്റർ തന്നു ശർമ പറഞ്ഞു.