ധോണിയിൽ വീണ്ടും ഭീതിപരത്തി കാട്ടാന ശല്യം; മുമ്പ് ഒരാളെ കൊലപ്പെടുത്തിയ ആന ഇത്തവണ എത്തിയത് ജനവാസ മേഖലയിൽ
പാലക്കാട്: ധോണിയിൽ വീണ്ടും കാട്ടാന ശല്യം. പി ടി 7 എന്ന ആനയാണ് ഇന്നലെ രാത്രി ജനവാസ മേഖലയിൽ ഇറങ്ങിയത്. പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്. രാത്രി തന്നെ ആന കാടുകയറിയെന്നാണ് പ്രദേശവാസികളുടെ നിഗമനം. ആന വീണ്ടും എത്തുമോയെന്ന ഭയത്തിലാണ് ജനങ്ങൾ.
മുമ്പ് ഒരാളെ കൊലപ്പെടുത്തുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത ആനയാണ് ഇപ്പോൾ ആശങ്ക ഉയർത്തുന്നത്. വ്യാഴാഴ്ചയും ആനയിറങ്ങി പ്രദേശത്തെ കൃഷി നശിപ്പിച്ചിരുന്നു. ഈ ആനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള നടപടിക്രമങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പത്ത് ദിവസത്തിനകം ആനയെ പിടികൂടാൻ സാധിക്കുമെന്നാണ് വനംവകുപ്പ് അറിയിച്ചിരിക്കുന്നത്.