ഇന്ത്യയെ കുറ്റപ്പെടുത്തി ചോദ്യം; പാക് മാദ്ധ്യമപ്രവർത്തകന്റെ വായടപ്പിച്ച് ജയശങ്കർ, വീഡിയോ
ന്യൂഡൽഹി: ഐക്യരാഷ്ട്ര സംഘടനയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടയിൽ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പാകിസ്ഥാൻകാരനായ മാദ്ധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യത്തിന് മറുപടി നൽകിയായിരുന്നു വിമർശനം.’ന്യൂഡൽഹി, കാബൂൾ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും ഭീകരവാദം വ്യാപിക്കുന്നത് എത്രനാൾ ദക്ഷിണേഷ്യ നോക്കിനിൽക്കും’ എന്നതായിരുന്നു ചോദ്യം.’ ഈ ചോദ്യം ചോദിക്കേണ്ടത് ഇന്ത്യൻ മന്ത്രിമാരോട് അല്ല. പാകിസ്ഥാൻ എത്രനാൾ ഭീകരവാദവുമായി മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നുവെന്ന് അവരുടെ മന്ത്രിമാരോടു തന്നെ ചോദിക്കണം. ലോകം വിഡ്ഢികളുടേതല്ല, ഒന്നും മറക്കുകയുമില്ല.ഭീകരവാദത്തിനെതിരെ രാജ്യങ്ങളെ അണിചേർക്കുകയും ചെയ്യും. ചർച്ച മറ്റെന്തെങ്കിലുമാക്കി മാറ്റിയെന്നു കരുതി അത് ഒളിപ്പിക്കാൻ നിങ്ങൾക്ക് കഴിയില്ല. ജനങ്ങൾക്ക് അതു മനസിലായി, അതുകൊണ്ട് ഞാൻ ഉപദേശിക്കുന്നത്, സ്വന്തം പ്രവൃത്തികൾ കളങ്കരഹിതമാക്കുക. നല്ല അയൽക്കാരനായിരിക്കാൻ ശ്രമിക്കുക. സാമ്പത്തിക വളർച്ച, പുരോഗതി,വികസനം തുടങ്ങി ലോകം ഇന്ന് എന്താണോ ചെയ്യാൻ ശ്രമിക്കുന്നത്. അത് പിന്തുടരുക. നിങ്ങളുടെ ചാനൽ വഴി ഈ സന്ദേശം എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ എന്നാണ് എസ് ജയശങ്കർ മറുപടി പറഞ്ഞത്.