സംസ്ഥാനത്തേക്ക് വലിയ അളവിൽ എം ഡി എം എ കൊടുത്തയച്ചത് പാലസ്തീൻ, സുഡാൻ സ്വദേശികൾ ; കെൻ എന്ന വിളിപ്പേര് മാത്രം വച്ച് പ്രതിയെ പൂട്ടി കേരള പൊലീസ്
കേരളത്തിലേക്ക് വലിയ അളവിൽ എം ഡി എം എ അടക്കമുള്ള മാരക ലഹരി കടത്തിയ സംഘത്തെ വേരുകളോടെ അകത്താക്കി തൃശൂർ പൊലീസ്. അന്വേഷണം കാരിയർമാരിൽ മാത്രം ഒതുക്കാതെ കിട്ടിയ തുമ്പുമായി മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. 2022 മെയ് മാസം 13 ന് മണ്ണുത്തിയിൽ നടത്തിയ വാഹന പരിശോധനക്കിടെ ചാവക്കാട് സ്വദേശി ബുർഹാനുദ്ദീൻ എന്നയാളിൽ നിന്നും 196 ഗ്രാം പിടികൂടിയതോടെയാണ് അന്വേഷണത്തിന് തുടക്കം കുറിച്ചത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും സുഡാൻ സ്വദേശി മുഹമ്മദ് ബാബിക്കർ അലി, പാലസ്തീൻ സ്വദേശി ഹസൻ എന്നിവരെക്കുറിച്ചുള്ള വിവരം ലഭിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരേയും ബാംഗ്ലൂരിൽ നിന്നും 300 ഗ്രാം എം ഡി എം എ അടക്കം പിടികൂടി. എന്നാൽ ഇവരുടെയെല്ലാം തലവൻ കെൻ എന്ന വിളിപ്പേരുള്ള നൈജീരിയക്കാരനാണെന്ന് മനസിലാക്കിയ പൊലീസ് അയാൾക്കായി വലവിരിച്ചു. കെൻ എന്ന പേരല്ലാത മറ്റൊരു വിവരവും പൊലീസിന് ഇയാളെ കുറിച്ചുണ്ടായിരുന്നില്ല. ഡൽഹിയിലെത്തി വേഷം മാറിയും വിവിധ പേരുകൾ സ്വീകരിച്ചും രഹസ്യാന്വേഷണം നടത്തിയുമാണ് ഇയാളെക്കുറിച്ചുള്ള മറ്റുവിവരങ്ങൾ ശേഖരിച്ചത്. തുടർന്ന് ന്യൂഡൽഹിയിലെ നൈജീരിയൻ കോളനിയിൽ നിന്നും ഇയാളെ സാഹസികമായി അറസ്റ്റുചെയ്തത്. ഈ അറസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ഫേസ്ബുക്ക് പേജിൽ കുറിച്ചു.