ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അഞ്ജു ഫോണെടുത്തില്ല, വീട് അകത്തുനിന്ന് പൂട്ടിയ നിലയിലും; പൊലീസ് വീട് തുറന്നപ്പോൾ കണ്ടത് ദാരുണ കാഴ്ച
ലണ്ടൻ: ബ്രിട്ടണിൽ നഴ്സായ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം വൈക്കം സ്വദേശി അഞ്ജു (40). മക്കൾ ജീവ(6), ജാൻവി(4) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ജുവിന്റെ ഭർത്താവ് കണ്ണൂർ പടിയൂർ കൊമ്പൻപാറ ചെലേവാലൻ സാജു(52)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച രാത്രിയോടെ അഞ്ജുവിനെ ബന്ധുക്കളും സുഹൃത്തുക്കളും ഫോൺ ചെയ്തിട്ടും ലഭിച്ചിരുന്നില്ല. തുടർന്ന് ഇവർ അന്വേഷിച്ചെത്തിയപ്പോൾ അകത്തുനിന്നും വീട് പൂട്ടിയനിലയിലായിരുന്നു. ഉടൻ പൊലീസ് എത്തി വീട് തുറന്നപ്പോൾ ചോരയിൽ കുളിച്ച നിലയിൽ അഞ്ജുവിനെയും മക്കളെയും കണ്ടെത്തുകയായിരുന്നു. അഞ്ജു ഇതിനകം മരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കഴിഞ്ഞ ഒരുവർഷമായി ബ്രിട്ടണിൽ സർക്കാർ നഴ്സായി ജോലി നോക്കിവരികയായിരുന്നു അഞ്ജു. ഹോട്ടൽ ഡെലിവറിയാണ് സാജുവിന്റെ ജോലി. സംഭവശേഷം ഒളിവിൽ പോകാൻ ശ്രമിച്ച സാജുവിനെ പൊലീസ് പിടികൂടുകയായിരുന്നു.