ആലപ്പുഴയിൽ പെൺകുട്ടികളുടെ തമ്മിലടിക്ക് പിന്നാലെ ആൺകുട്ടികളുടെ കൂട്ടത്തല്ല്; ഏറ്റുമുട്ടിയത് നടുറോഡിൽ
ആലപ്പുഴ: ജില്ലയിലെ അടുത്തടുത്ത രണ്ട് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. അറവുകാട് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളും ഐടിസിയിലെ വിദ്യാർത്ഥികളും തമ്മിലായിരുന്നു നടുറോഡിൽ സംഘർഷമുണ്ടായത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.
പ്ലസ്ടു വിദ്യാർത്ഥിയെ ഐസിടി വിദ്യാർത്ഥികൾ മർദിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് സംഘർഷമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരും പൊലീസും എത്തിയാണ് വിദ്യാർത്ഥികളെ പിടിച്ചുമാറ്റിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പ്രശ്നമുണ്ടാക്കിയ പത്തോളം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് കൗൺസിൽ നൽകും. കഴിഞ്ഞ മാസം ഈ പ്രദേശത്തെ വിദ്യാർത്ഥിനികൾ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.