ചില്‍ഡ്രന്‍സ് ഹോമിൽ റാഗിങ്ങും ചാപ്പകുത്തലും; അശ്ലീല സംസാരം: ദുരിതം പറഞ്ഞ് അതിജീവിത
മലപ്പുറം∙ പോക്സോ കേസിലടക്കം ഇരകള്‍ കഴിയുന്ന ചില്‍ഡ്രന്‍സ് ഹോമുകളില്‍ പോലും കുട്ടികള്‍ സുരക്ഷിതരല്ലെന്നാണ് രണ്ടാഴ്ച ഹോമില്‍ കഴിയേണ്ടി വന്ന ഏഴാം ക്ലാസുകാരി പറഞ്ഞത്. കൊച്ചി കാക്കനാട്ടെ ഹോമിനുളളില് റാഗിങ് മുതല്‍ ചാപ്പ കുത്തലിനു വരെ വിധേയനായെന്നാണ് കുട്ടിയുടെ തുറന്നു പറച്ചില്.
ഹോമില്‍ എത്തിയ ഉടനെ ഒരു കൂട്ടം കുട്ടികള്‍ റാഗ് ചെയ്യുംപോലെയാണ് പെരുമാറിയത്. അവിടെ വന്ന് അവരുടെ തുണിയൊക്കെ അലക്കാന്‍ പറഞ്ഞു. അവിടെ മുറ്റം അടിച്ചു വാരണം. അവര്‍ ചെയ്യേണ്ട തുടയ്ക്കലും കഴുകലും ഞങ്ങള്‍ ചെയ്തു കൊടുക്കണം. എനിക്ക് അലക്കാന്‍ അറിയില്ല, ഉമ്മയാണ് അലക്കി തരുന്നത് എന്നു പറഞ്ഞപ്പോള്‍ എന്നെ പിടിച്ചു തളളി.
മാനസിക നില തെറ്റിയ കുട്ടികൾ പലപ്പോഴും വൈലന്റായി പെരുമാറും. വലിയ ചേച്ചിമാര് വന്ന് അശ്ലീലം സംസാരിക്കും. മൂര്‍ച്ചയുളള പിന്നും ഐ ലൈനറും ഉപയോഗിച്ച് കുട്ടികള്‍ ദേഹത്ത് കുത്തിയ ടാറ്റു ഇന്നും വേദനിക്കുന്ന ഓര്മയായുണ്ടെന്ന് ഹോമില്‍ കഴിഞ്ഞ ഇരയായ കുട്ടി പറഞ്ഞു. ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞപ്പോള്‍ ഇത് അഡ്ജസ്റ്റ് ചെയ്യണം, അവര്‍ അങ്ങനത്തെ കുട്ടികളാണന്ന് പറഞ്ഞു.