കിടപ്പുരോഗിയിൽ നിന്നും പണം തട്ടിയ ഓൺലൈൻ ചാനൽ പ്രവർത്തകർ പണം തിരികെ നൽകി, ചാരിറ്റി വീഡിയോയ്ക്ക് പിന്നാലെ അക്കൗണ്ടിലെത്തിയത് ലക്ഷങ്ങൾ
പോത്തൻകോട്: ചാരിറ്റിയുടെ പേരിൽ കിടപ്പുരോഗിയിൽ നിന്ന് പണം തട്ടിയ ഓൺലൈൻ ചാനലുകാർ രോഗിക്ക് പണം തിരികെ നൽകി. തട്ടിപ്പിൽ കേസെടുക്കുകയും മാദ്ധ്യമങ്ങൾ വാർത്ത നൽകുകയും ചെയ്തതിന് പിന്നാലെയാണ് രോഗിയുടെ വീട്ടിലെത്തി പണം തിരികെ നൽകിയത്.
ഇക്കഴിഞ്ഞ ഒക്ടോബർ 13ന് രാത്രി 11നാണ് വിസ്മയാ ന്യൂസിൽ നൽകുന്നതിനായി മംഗലപുരം സ്വദേശി അനീഷും രജിത്ത് കാര്യത്തിലുമെത്തി വീഡിയോ എടുത്തത്. വീഡിയോ എടുക്കുന്നതിനായി രണ്ട് തവണയായി 17,000 രൂപ പ്രതിഫലവും ഇവർ വാങ്ങി. വീഡിയോയിലൂടെ 1.50 ലക്ഷം രൂപ ഷിജുവിന്റെ സഹോദരി ഷീബയുടെ അക്കൗണ്ടിലെത്തി. ഈ തുകയിൽ നിന്ന് കുടുംബത്തെ ഭീഷണിപ്പെടുത്തി പല തവണയായി രജിത്തും സംഘവും 1.30 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി.
പണം തിരികെ ചോദിച്ച കുടുംബത്തിന് നേരെ ഇവർ തെറിവിളിയും ഭീഷണിയും മുഴക്കി. തുടർന്നാണ് ഷിജുവിന്റെ സഹോദരി ഷീബ പരാതി നൽകിയത്. പോത്തൻകോട് പൊലീസ് കേസെടുത്തശേഷം അറസ്റ്റിനുള്ള നടപടിയുമായി മുന്നോട്ടു പോകുന്നതിനിടെയാണ് പ്രതികൾ തട്ടിയെടുത്ത പണം തിരികെ നൽകിയത്. പ്രതികൾക്ക് നേരെ വഞ്ചനാകുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തതിനാൽ കോടതി നടപടിയിൽ മാത്രമേ കേസ് ഒത്തുതീർപ്പാക്കാൻ കഴിയുകയുള്ളു. തട്ടിപ്പിനിരയായ ആളുകളെ കണ്ടുപിടിച്ച് കൂടുതൽ പരാതികളുണ്ടെങ്കിൽ അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.