21ലക്ഷത്തിന് പണയംവെച്ച സ്വര്ണംമാറ്റി ലോക്കറില്‍ മുക്കുപണ്ടംവെച്ചു;ബാങ്ക് ജീവനക്കാരികള്‍ അറസ്റ്റില്‍
മറ്റ് ജീവനക്കാര്‍ അറിയാതെ ലോക്കര്‍ തുറന്ന് ഈ സ്വര്‍ണം തിരികെ എടുത്തശേഷം പകരം മുക്കുപണ്ടങ്ങള്‍ വെയ്ക്കുകയായിരുന്നുവെന്ന് പോലീസ്
പത്തനംതിട്ട: പണയം ഉരുപ്പടിയായ സ്വര്‍ണത്തിനു പകരം ലോക്കറില്‍ മുക്കുപണ്ടം വെച്ച് തട്ടിപ്പ് നടത്തിയെന്ന കേസില്‍ സ്വകാര്യ ബാങ്കിലെ ജീവനക്കാരികള്‍ അറസ്റ്റില്‍. പത്തനംതിട്ട കോളേജ് ജങ്ഷനില്‍ പ്രവര്‍ത്തിച്ചുവരുന്ന മണി മുറ്റത്ത് നിധി ലിമിറ്റഡിലെ മാനേജരായിരുന്ന കൊടുമണ്‍ സ്വദേശിനി എല്‍.ശ്രീലത, ജോയിന്റ് കസ്റ്റോഡിയനായിരുന്ന ഓമല്ലൂര്‍ സ്വദേശിനി ആതിര ആര്.നായര്‍ എന്നിവരെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും ചേര്‍ന്ന് ആതിരയുടെ ഭര്‍ത്താവിന്റെയും, ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും പേരിലും സ്വര്‍ണം പണയം വെച്ച് 21 ലക്ഷത്തിനുമുകളില്‍ തുക എടുത്തിരുന്നു. സ്ഥാപനത്തിലെ മറ്റ് ജീവനക്കാര്‍ അറിയാതെ ലോക്കര്‍ തുറന്ന് ഈ സ്വര്‍ണം തിരികെ എടുത്തശേഷം പകരം മുക്കുപണ്ടങ്ങള്‍ വെയ്ക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. തട്ടിപ്പ് സംബന്ധിച്ച് കമ്പനി മാനേജ്മെന്റ് ഓഗസ്റ്റ് 24-ന് പത്തനംതിട്ട ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിരുന്നതായി ജനറല്‍ മാനേജര്‍ കെ.ബി.ബൈജു, ഹെഡ് ഓഡിറ്റര്‍ മനോജ് കുമാര്‍ എന്നിവര്‍ പറഞ്ഞു.