കൂടെനടന്ന് മന്ത്രം ഓതി ഭര്‍ത്താവ്, കട്ടിലില്‍ കിടത്തി മോതിരം അമര്‍ത്തി മര്‍ദനം;കരണത്തടിച്ച് ബന്ധുവും
ആലപ്പുഴ: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഐ.ടി. ജീവനക്കാരിക്ക് നേരിടേണ്ടിവന്നത് ക്രൂരപീഡനം. ഓഗസ്റ്റ് മാസം മുതല്‍ ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും ബന്ധുക്കളും മന്ത്രവാദികളെന്ന് അവകാശപ്പെടുന്നവരും അതിക്രൂരമായി മര്‍ദിച്ചിരുന്നു. ഒടുവില്‍ മര്‍ദനമേറ്റ് അവശനിലയിലായ യുവതി മരിക്കുമെന്ന അവസ്ഥയിലായതോടെയാണ് പോലീസിനെ സമീപിച്ചത്. കറ്റാനം ഇലിപ്പക്കുളം സ്വദേശിനിയായ 25-കാരിയുടെ പരാതിയില്‍ ഭര്‍ത്താവും ബന്ധുക്കളും അടക്കം ആറുപേരെ കഴിഞ്ഞദിവസം പോലീസ് പിടികൂടുകയും ചെയ്തു.
ഭര്‍ത്താവ് അടൂര്‍ പഴകുളം പടിഞ്ഞാറുംമുറി ചിറയില്‍ കിഴക്കതില്‍ അനീഷ് (34), ബന്ധുക്കളായ താമരക്കുളം മേക്കുംമുറി സൗമ്യ ഭവനത്തില്‍ ഷിബു (31), ഭാര്യ ഷാഹിന (23), മന്ത്രവാദികളെന്ന് അവകാശപ്പെടുന്ന പുനലൂര്‍ കരിക്കം ചന്ദനക്കാവ് ബിലാല്‍ മന്‍സിലില്‍ സുലൈമാന്‍ (52), കുളത്തൂപ്പുഴ നെല്ലിമൂട് ഇമാമുദ്ദീന്‍ മന്‍സിലില്‍ അന്‍വര്‍ ഹുസൈന് (28), സഹോദരന് ഇമാമുദ്ദീന്‍ (35) എന്നിവരാണ് അറസ്റ്റിലായത്. നൂറനാട് എസ്.എച്ച്.ഒ. പി. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.