ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് വനിതാ നേതാവ്; എം എൽ എയ്ക്കും ഭാര്യയ്ക്കുമെതിരെ കേസെടുത്തു
ആലപ്പുഴ: വനിതാ നേതാവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിൽ എം എൽ എയ്ക്കും ഭാര്യയ്ക്കുമെതിരെ കേസ്. കുട്ടനാട് എം എൽ എ തോമസ് കെ തോമസിനും ഭാര്യ ഷെർലിക്കുമെതിരെയാണ് കേസെടുത്തത്. എൻ സി പി മഹിളാ ജില്ലാ പ്രസിഡന്റ് ജിഷയുടെ പരാതിയിൽ പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് എം എൽ എയ്ക്കും ഭാര്യയ്ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഹരിപ്പാട് പാർട്ടി യോഗത്തിനിടയിലാണ് എം എൽ എയും ഭാര്യയും അധിക്ഷേപിച്ചതെന്നാണ് വനിതാ നേതാവിന്റെ പരാതി. എം എൽ എയുടെ ഭാര്യയ്ക്ക് പാർട്ടി യോഗത്തിൽ എന്താ കാര്യം എന്ന് ചോദിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
തുടർന്ന് ജിഷയും ഷേർലിയും തമ്മിൽ തർക്കമുണ്ടായി. പാർട്ടി പ്രവർത്തകർ ഇടപെട്ട് പ്രശ്നം തീർത്തെങ്കിലും പിന്നീട് എം എൽ എയും ഭാര്യയും തന്നെ ജാതിപ്പേര് വിളിച്ചെന്നാണ് ജിഷയുടെ ആരോപണം. അതേസമയം, യോഗത്തിനെത്തിയ ഒരു സ്ത്രീ തങ്ങളെ ആക്ഷേപിക്കാൻ ശ്രമിച്ചെന്നുകാണിച്ച് എം എൽ എ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.