‘രക്ഷിക്കണേ’യെന്ന് നിലവിളിച്ച് സിന്ധു, കഴുത്തില്‍ വെട്ടേറ്റ് റോഡില്‍ വീണു; കൂസലില്ലാതെ പ്രതി
മതിലിന് മുകളിലൂടെ എത്തിനോക്കിയപ്പോള്‍ ഒരു സ്ത്രീയെ പിന്നാലെ ഓടിയെത്തിയ ആള് വാക്കത്തികൊണ്ട് കഴുത്തിന് വെട്ടുന്നതാണ് കണ്ടത്.
തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ നടുറോഡിലിട്ട് സ്ത്രീയെ വെട്ടിക്കൊന്നത് അതിക്രൂരമായെന്ന് ദൃക്സാക്ഷികള്‍. കൊല്ലപ്പെട്ട സിന്ധുവിനെ വാക്കത്തി കൊണ്ടാണ് പ്രതി രാജേഷ് ആക്രമിച്ചതെന്നും ആദ്യം കഴുത്തിനാണ് വെട്ടിയതെന്നും സംഭവത്തിന് ദൃക്സാക്ഷിയായ ബേബി ജോര്‍ജ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. ആദ്യത്തെ വെട്ടേറ്റ് റോഡില്‍ വീണിട്ടും സ്ത്രീയെ അയാള്‍ വീണ്ടും വാക്കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം പ്രതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്നും യാതൊരു കൂസലും ഇല്ലാതെയാണ് അയാള്‍ സംഭവസ്ഥലത്ത് നിന്നതെന്നും സമീപവാസികള്‍ പറഞ്ഞു.
”എന്റെ വീടിന്റെ മുന്നിലാണ് രാവിലെ സംഭവം നടക്കുന്നത്. ‘രക്ഷിക്കണേ എന്നെ കൊല്ലാന്‍വരുന്നേ’ എന്ന സ്ത്രീയുടെ നിലവിളി കേട്ടാണ് പുറത്തിറങ്ങി നോക്കുന്നത്. റോഡില്‍ അപകടം വല്ലതും സംഭവിച്ചതാണെന്ന് ആദ്യം കരുതിയത്. എന്നാല്‍ മതിലിന് മുകളിലൂടെ എത്തിനോക്കിയപ്പോള്‍ ഒരു സ്ത്രീയെ പിന്നാലെ ഓടിയെത്തിയ ആള് വാക്കത്തികൊണ്ട് കഴുത്തിന് വെട്ടുന്നതാണ് കണ്ടത്. എനിക്ക് ഒന്നുംചെയ്യാന്‍ പറ്റിയില്ല. റോഡിലൂടെ പോകുന്ന ബൈക്കുകാരെ വിളിച്ചുനിര്‍ത്താന്‍ ശ്രമിച്ചു. ആദ്യംവന്നവരൊന്നും നിര്‍ത്തിയില്ല. വെട്ടുകൊണ്ട് വീണിട്ടും ആ സ്ത്രീയുടെ ശരീരത്തില്‍ വീണ്ടും വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു. പിന്നീട് വാഹനംനിര്ത്തിയെത്തിയ ചിലരാണ് അയാളെ പിടിച്ചുനിര്‍ത്തിയത്. സ്ത്രീയെ ആക്രമിച്ചതിന് ശേഷം അയാള്‍ ഓടിരക്ഷപ്പെടാനൊന്നും ശ്രമിച്ചില്ല”, ബേബി ജോര്‍ജ് വിശദീകരിച്ചു.
വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് വഴയില സ്വദേശി സിന്ധു(50)വിനെ സുഹൃത്തായ രാജേഷ് നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. ഹോംനഴ്സിങ് സ്ഥാപനത്തിലെ ജോലിക്കാരിയായ സിന്ധു, ബസ്സിറങ്ങിയശേഷം സ്ഥാപനത്തിലേക്ക് നടന്നുപോകുന്നതിനിടെ വാക്കത്തിയുമായി പിന്നാലെയെത്തിയ രാജേഷ് ആക്രമിക്കുകയായിരുന്നു. കഴുത്തിനടക്കം വെട്ടേറ്റ സിന്ധുവിനെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
12 വര്‍ഷം മുമ്പാണ് പത്തനംതിട്ട സ്വദേശിയായ രാജേഷും സിന്ധുവും പരിചയത്തിലാകുന്നതെന്നാണ് പോലീസ് നല്‍കുന്നവിവരം. അടുപ്പത്തിലായതോടെ ഭാര്യയും കുട്ടികളുമുള്ള രാജേഷ്, പത്തനംതിട്ടയില്‍നിന്ന് തിരുവനന്തപുരത്ത് എത്തി സിന്ധുവിനൊപ്പം താമസം ആരംഭിച്ചു. ഏറെക്കാലം ഒരുമിച്ച് താമസിച്ചിരുന്ന ഇരുവര്‍ക്കുമിടയില്‍ അടുത്തിടെയായി ചില സാമ്പത്തികതര്‍ക്കങ്ങളുണ്ടായെന്നാണ് വിവരം. സിന്ധു തന്റെ പണവും സ്വത്തുമെല്ലാം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു രാജേഷിന്റെ ആരോപണം. തുടര്‍ന്ന് രാജേഷ് സമീപത്തുതന്നെ മറ്റൊരു വീട്ടില്‍ തനിച്ച് താമസം തുടങ്ങി. ഈ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് രാജേഷ് സിന്ധുവിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമികനിഗമനം. സിന്ധു തന്നെ ഉപേക്ഷിച്ച് പോകുമെന്ന ഭയവും ആക്രമണത്തിന് കാരണമായതായി സംശയിക്കുന്നു. കൊല്ലപ്പെട്ട സിന്ധുവും വിവാഹിതയാണെന്നും ഈ ബന്ധത്തില്‍ ഒരു മകളുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.