യുവാവിനെ ബസ്സ്റ്റാൻഡിൽ കോളേജ് വിദ്യാർഥികൾ കുത്തിവീഴ്ത്തി
തിരൂർ: ബസ്സ്റ്റാൻഡിലെ കടയിൽ സാധനങ്ങൾ നൽകാനെത്തിയ യുവാവിനെ കോളേജ് വിദ്യാർഥികൾ തടഞ്ഞുനിർത്തി കുത്തിവീഴ്ത്തി. പരിക്കേറ്റ തലക്കടത്തൂർ പാറപ്പടിക്കൽ ഫർഹാനെ (22) തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. തിരൂർ മാർക്കറ്റിലെ മൊത്തവ്യാപാര സ്റ്റേഷനറിക്കടയിലെ സെയിൽസ്മാനാണ് ഫർഹാൻ. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തിരൂർ ബസ്സ്റ്റാൻഡിലെ കടയിൽ സ്റ്റേഷനറി സാധനങ്ങൾ നൽകാൻ പോയിരുന്നപ്പോൾ, കോളേജ് വിദ്യാർഥികളിലൊരാൾ ഫർഹാന്റെ ദേഹത്ത് തട്ടിയതുമായി ബന്ധപ്പെട്ട് വിദ്യാർഥികളുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനു പ്രതികാരമെന്നോണമാണ് ബുധനാഴ്ചത്തെ സംഭവമെന്ന് ഫർഹാൻ പറഞ്ഞു.
കുത്തേറ്റ് രക്തംവാർന്നുകിടന്ന ഫർഹാനെ ഓട്ടോഡ്രൈവർമാരാണ് തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചത്. തിരൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷിച്ചു വരുന്നു.എന്നാൽ, ഹർഹാനെ താക്കോൽ കൊണ്ടാണ് കുത്തിയതെന്ന് സി.ഐ. എം.ജെ. ജിജോ പറഞ്ഞു.