ദുബായിലുള്ള സുഹൃത്തിന് ഭക്ഷണസാധനങ്ങൾ കൊണ്ടുപോകാനെത്തിയാൾക്ക് നേരെ സദാചാര ആക്രമണം
ചൊക്ളി: സദാചാരഗുണ്ടകൾ യുവാവിനെ ആക്രമിച്ച് പണം തട്ടിയെടുത്തുവെന്ന പരാതിയിൽ മൂന്ന് യുവാക്കളെ ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങത്തൂർ സ്വദേശികളായ ഒലിപ്പിൽ കോറോത്ത് ഹൗസിൽ റഹ്സിൻ (27), മൂന്നങ്ങാടി സെയ്തീന്റവിട സാദത്ത് (32), ഫനർ ഹൗസിൽ റിസ്വാൻ റഫീഖ് (27) എന്നിവരെയാണ് ചൊക്ലി ഇൻസ്പെക്ടർ സി. ഷാജുവും സംഘവും അറസ്റ്റ് ചെയ്തത്.
ദുബായിലുള്ള സുഹൃത്തിനായുള്ള ഭക്ഷണസാധനങ്ങൾ കൊണ്ടുപോകുന്നതിന് ഒലിപ്പിലിലെത്തിയ പയ്യന്നൂർ വെള്ളൂർ മൂപ്പന്റകത്ത് സുഹൈലിനെ (38) കാർ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും തലയ്ക്കടിച്ച് കൈവശമുണ്ടായിരുന്ന 3000 രൂപ തട്ടിപ്പറിക്കുകയുമായിരുന്നു. സമീപത്തെ യുവതിയുടെ വീട്ടിൽ പരസ്ത്രീ ബന്ധത്തിനെത്തിയതാണെന്ന് ഇവർ മർദിച്ച് പറയിപ്പിക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തുവെന്നും പരാതിയുണ്ട്.
ഈ വീഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ പണം നൽകണമെന്നാവശ്യപ്പെട്ട് റേഷൻപീടികയ്ക്കടുത്ത് തടഞ്ഞുവെക്കുകയും തുടർന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തിനെ കൂട്ടി പെരിങ്ങത്തൂരിലെ എ.ടി.എം. കൗണ്ടറിൽനിന്ന് 15000 രൂപ കൂടി സംഘം കൈക്കലാക്കുകയും ചെയ്തു. ഒലിപ്പിലിലെ വീട്ടിൽനിന്ന് സാധനങ്ങൾ വാങ്ങി വിമാനമാർഗം ബെംഗളൂരുവിലെത്തി ഗൾഫിലേക്ക് പോകാനിരിക്കുകയായിരുന്നു സുഹൈൽ. ചൊക്ലി മെഡിക്കൽ സെന്ററിൽ ചികിത്സ തേടിയ സുഹൈലിനെ കർണപടത്തിന് തകരാറുണ്ടെന്ന് കണ്ടെത്തിയതിനാൽ വിദഗ്ധ ചികിത്സയ്ക്കായി തലശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രി 11.30 മുതൽ പുലർച്ചെ നാലരവരെ സുഹൈലിനെ തടഞ്ഞുവെക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ എം. റജികുമാർ, സി.പി.ഒ. കെ.വി. മനോജ്, ഡ്രൈവർ വി. ജിതേഷ് എന്നിവരടങ്ങുന്ന സംഘമാണ് ബുധനാഴ്ച ഉച്ചയോടെ പ്രതികളെ പിടികൂടിയത്. തലശ്ശേരി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.