കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി; ജാമ്യത്തിലിറങ്ങിയ യുവതിയെ കാമുകൻ ശ്വാസംമുട്ടിച്ച് കൊന്നു
മലപ്പുറം: യുവതിയെ കൊലപ്പെടുത്തിയ കേസിൽ കാമുകൻ അറസ്റ്റിൽ. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി സൗജത്ത് (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ താനൂർ തെയ്യാല ഓമച്ചപ്പുഴ കൊളത്തൂർ വീട്ടിൽ ബഷീറിനെ (44) പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ സൗജത്തിന്റെ കൂട്ടുപ്രതിയാണ് ബഷീർ.നവംബർ 30നാണ് സൗജത്തിനെ കൊണ്ടോട്ടിയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ഷാൾ മുറുകിയ നിലയിലായിരുന്നു മൃതദേഹം. ബഷീറിനെ കോട്ടയ്ക്കലിലെ താമസസ്ഥലത്ത് വിഷംകഴിച്ച് ഗുരുതരാവസ്ഥയിലും കണ്ടെത്തി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്ന ബഷീറിന്റെ ആരോഗ്യനില മെച്ചപ്പെട്ടതോടെ പൊലീസ് ചോദ്യം ചെയ്തു. തുടർന്നാണ് സൗജത്തിന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമായത്. കൊണ്ടോട്ടി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ കെ എൻ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.2018 ഒക്ടോബറിലാണ് മത്സ്യത്തൊഴിലാളിയായ ഭർത്താവ് സവാദിനെ സൗജത്തും ബഷീറും ചേർന്ന് കൊലപ്പെടുത്തിയത്. ഒരുമിച്ച് ജീവിക്കാനായി സവാദിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ കേസിൽ ഇടക്കാല ജാമ്യത്തിൽ കഴിയുകയായിരുന്ന ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്നാണ് നവംബർ 29ന് രാത്രി കഴുത്തിൽ ഷാൾ മുറുക്കി സൗജത്തിനെ ബഷീർ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.