പെൺകുട്ടിയോടൊപ്പമുള്ള സെൽഫി സ്റ്റാറ്റസാക്കി, പിന്നെ നടന്നത് കൂട്ടയടി, പിടിയിലായത് മൂന്നുപേർ
അടിമാലി: സൂപ്പർമാർക്കറ്റിൽ ഒപ്പം ജോലിചെയ്യുന്ന പെൺകുട്ടിയോടൊപ്പമുള്ള സെൽഫി മൊബൈലിൽ സ്റ്റാറ്റസ് ഇട്ടതിനെച്ചൊല്ലി യുവാക്കൾ തമ്മിൽ കൂട്ടയടി. ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. മച്ചിപ്ലാവ് ചാറ്റുപാറ വരകുകാലായിൽ അനുരാഗ് (27), വാളറ സ്വദേശികളായ മുടവംമറ്റത്തിൽ രഞ്ജിത് (31), കാട്ടാറുകുടിയിൽ അരുൺ (28) എന്നിവരാണ് പിടിയിലായത് .രക്ഷപ്പെട്ടവർക്കുവേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. അറസ്റ്റിലായവരിൽ നിന്ന് വാൾ, ഇരുമ്പ് പൈപ്പ്, കേബിൾ, ബേസ് ബോൾ ബാറ്റ് എന്നിവ ഉൾപ്പടെയുള്ള മാരകായുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. അക്രമികൾ എത്തിയ കാറും പിടിച്ചെടുത്തു.
പൊലീസ് പറയുന്നത് ഇങ്ങനെ: കേസിലെ ഒന്നാം പ്രതിയായ അനുരാഗിന്റെ സഹോദരന്റെ കൂട്ടുകാരിയാണ് പെൺകുട്ടി. ഈ പെൺകുട്ടിക്കൊപ്പമുള്ള സെൽഫി സ്റ്റാറ്റസ് ആക്കിയ അഭിഷേകിനെ ഫോണിൽ വിളിച്ച് അനുരാഗ് ഭീഷണിപ്പെടുത്തി. ഭീഷണി പതിവായതോടെ ഇതിനെക്കുറിച്ച് അഭിഷേക് തന്റെ അടുത്ത കൂട്ടുകാരനായ വിശ്വജിത്തിനോട് പറഞ്ഞു. തുടർന്ന് അനുരാഗുമായി വിശ്വജിത് ഒത്തുതീർപ്പ് ചർച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. ഇതോടെ കഴിഞ്ഞദിവസം രാത്രി ഏഴരയോടെ അനുരാഗും സംഘവും കാറിൽ മാരകായുധങ്ങളുമായി എത്തി ടൗണിൽ വച്ച് വിശ്വജിത്തിനെ ആക്രമിച്ചു. അടി നടക്കുന്നു എന്നറിഞ്ഞെത്തിയ പൊലീസാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു