കാസർകോട് വാടകയ്ക്ക് കൊടുത്ത വീടിന്റെ ഒരു ഭാഗം മാത്രം ഉടമസ്ഥൻ വിട്ടുകൊടുത്തില്ല, പൂജാ മുറിയുടെ മറവിൽ നടത്തിവന്നത് അധികൃതർ പൊക്കി
കാസർകോട്: കാസർകോട് ഗാഡിഗുഡയിൽ വീട്ടിലെ പൂജാമുറിയുടെ അടിയിൽ രഹസ്യ അറ ഉണ്ടാക്കി സൂക്ഷിച്ചിരുന്ന കർണ്ണാടക മദ്യം എക്സൈസ് പിടികൂടി. 32 കാർഡ്ബോർഡ് ബോക്സുകളിലായി ആകെ 276.48 ലിറ്റർ കർണാടക മദ്യമാണ് രഹസ്യ അറയിൽ നിന്ന് കണ്ടെടുത്തത്. പ്രതി ശ്രീധർ ഒളിവിലാണ്. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്ന് എക്സൈസ് ഇൻസ്പെക്ടർ വിനു പ്രതികരിച്ചു.
ശ്രീധറിന്റെ തന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് മദ്യം പിടികൂടിയത്. വീട് വാടകയ്ക്ക് നൽകിയിരുന്നെങ്കിലും ഒരു ഭാഗം മദ്യത്തിന്റെ ശേഖരണത്തിനായി ഇയാൾ വിട്ടുകൊടുത്തിരുന്നില്ല. അവിടെയാണ് പൂജാമുറിയാക്കി മാറ്റിയശേഷം തറയിൽ രഹസ്യ അറ സ്ഥാപിച്ചത്.
ബദിയടുക്ക എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ പ്രതീപ് കെ.എം നേതൃത്വം നൽകിയ റെയിഡ് സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ രാജീവൻ പി, സി.ഇ.ഒ മാരായ മോഹൻകുമാർ എൽ, അമൽജിത്ത് സി എം, ജനാർദ്ദന എൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ശാലിനി വി എന്നിവർ ഉണ്ടായിരുന്നു.