ബൈക്കിലെത്തിയ കൗമാരക്കാരൻ ആസിഡ് ഒഴിച്ചു; പതിനേഴുകാരി ഗുരുതരാവസ്ഥയിൽ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥിനിയ്ക്ക് നേരെ ആസിഡ് ആക്രമണം. ആക്രമണത്തിനിരയായ പതിനേഴുകാരി ഗുരുതരാവസ്ഥയിലാണ്. ഡൽഹിയിലെ ദ്വാരകയിൽ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുപേരാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
അനുജത്തിയ്ക്കൊപ്പം നടന്നുപോകുകയായിരുന്ന പെൺകുട്ടിയാണ് ആക്രമിക്കപ്പെട്ടത്. രണ്ടംഗ സംഘം ബൈക്കിലെത്തുകയും, കൗമാരക്കാരൻ പതിനേഴുകാരിയ്ക്ക് നേരെ ആസിഡ് ഒഴിക്കുകയുമായിരുന്നു. പെൺകുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ഒരാളെ പിടികൂടിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.രാജ്യത്ത് ആസിഡ് ആക്രമണങ്ങൾ കൂടി വരികയാണ്. ‘ദിസ് വീക്ക് ഇൻ ഏഷ്യ’ റിപ്പോർട്ട് പ്രകാരം രാജ്യത്ത് പ്രതിവർഷം 250 -300 ആസിഡ് ആക്രമണങ്ങൾ നടക്കുന്നു. പല ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ യഥാർത്ഥ കണക്കുകൾ അതിലും കൂടും.