മൂന്നുകോടി രൂപയ്ക്ക് വൃക്ക വില്ക്കാന് ശ്രമം; നഴ്സിങ് വിദ്യാര്‍ഥിനിക്ക് നഷ്ടമായത് 16 ലക്ഷം രൂപ
വൃക്ക നല്കിയാല് മൂന്നുകോടി രൂപ നല്‍കാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. ശസ്ത്രക്രിയയ്ക്ക് മുന്‍പ് പകുതിപണവും ശേഷം ബാക്കി തുകയും നല്‍കാമെന്നും പറഞ്ഞു.
വിജയവാഡ: സാമൂഹികമാധ്യമം വഴി പരിചയപ്പെട്ടവര്‍ക്ക് വൃക്ക വില്ക്കാന് ശ്രമിച്ച പെണ്‍കുട്ടിയെ കബളിപ്പിച്ച് 16 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഹൈദരാബാദില്‍ നഴ്സിങ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയാണ് 16 ലക്ഷം രൂപ നഷ്ടമായെന്ന് ആരോപിച്ച് ഗുണ്ടൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പ്രവീണ്‍ രാജ് എന്നയാള്‍ മുഖേനയാണ് ഗുണ്ടൂര്‍ സ്വദേശിയായ പെണ്‍കുട്ടി വൃക്ക വില്ക്കാന് ശ്രമിച്ചത്. മൂന്നുകോടി രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഇതിന് മുന്നോടിയായി നികുതിയിനത്തിലും പോലീസ് വെരിഫിക്കേഷനുമെന്ന് പറഞ്ഞ് 16 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
പിതാവിന്റെ അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ച രണ്ടുലക്ഷം രൂപ തിരികെയിടാന്വേണ്ടിയാണ് പെണ്‍കുട്ടി വൃക്ക വില്ക്കാന് തയ്യാറായത്. തുടര്‍ന്ന് സാമൂഹികമാധ്യമത്തിലൂടെ പ്രവീണ്‍ രാജ് എന്നയാളെ പരിചയപ്പെട്ടു. വൃക്ക നല്കിയാല് മൂന്നുകോടി രൂപ നല്‍കാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. ശസ്ത്രക്രിയയ്ക്ക് മുന്‍പ് പകുതിപണവും ശേഷം ബാക്കി തുകയും നല്‍കാമെന്നും പറഞ്ഞു.
ചെന്നൈയിലെ ബാങ്കില്‍ ഒരു അക്കൗണ്ട് തുറന്ന് ഇതിലേക്ക് മൂന്നുകോടി രൂപ നിക്ഷേപിച്ചതിന്റെ വിവരങ്ങളും കൈമാറി. ഇതിനുപിന്നാലെയാണ് നികുതി, പോലീസ് വെരിഫിക്കേഷന് തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞ് 16 ലക്ഷം രൂപ പെണ്‍കുട്ടിയില്‍നിന്ന് തട്ടിയെടുത്തത്. തുടര്‍ന്ന് പെണ്‍കുട്ടി പണം തിരികെചോദിച്ചതോടെ ഡല്‍ഹിയിലെ ഒരുവിലാസം നല്‍കുകയും അവിടെ എത്തിയാല്‍ പണം ലഭിക്കുമെന്നുമായിരുന്നു മറുപടി. എന്നാല്‍ ഇത് വ്യാജ വിലാസമാണെന്ന് വ്യക്തമായതോടെയാണ് സംഭവം തട്ടിപ്പാണെന്ന് പെണ്‍കുട്ടിക്ക് ബോധ്യപ്പെട്ടത്.
അതേസമയം, തന്റെ എടിഎം കാര്‍ഡുകളിലൊന്ന് മകള്‍ക്ക് നല്‍കിയിരുന്നതായി പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. നവംബര്‍ മാസത്തില്‍ അക്കൗണ്ടില്‍നിന്ന് നിരവധിതവണ പണം പിന്‍വലിച്ചതായി കണ്ടെത്തിയിരുന്നു. ഇതോടെ മകളോട് ഹൈദരാബാദില്‍നിന്ന് തിരികെ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഹോസ്റ്റല്‍ വിട്ടിറങ്ങിയ പെണ്‍കുട്ടി വീട്ടിലേക്ക് വന്നില്ല. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ജഗ്ഗയ്യപേട്ടയിലെ സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇതിനുപിന്നാലെയാണ് വൃക്ക വില്ക്കാന് ശ്രമിച്ച് തട്ടിപ്പിനിരയായ സംഭവം പെണ്‍കുട്ടി പോലീസിനോട് വെളിപ്പെടുത്തിയത്.