ലഹരിമാഫിയ കാരിയറാക്കിയെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍; ഒരാഴ്ചയായിട്ടും എങ്ങുമെത്താതെ അന്വേഷണം
വടകര: അഴിയൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്കി ലഹരിക്കടത്തിന് ഉപയോഗിച്ചെന്ന വെളിപ്പെടുത്തല്‍ വന്നിട്ട് ഒരാഴ്ചയാകുമ്പോഴും എങ്ങുമെത്താതെ അന്വേഷണം. ഇപ്പോഴും സംഭവത്തില്‍ വ്യക്തതവരുത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
ഇത്തരമൊരു സംഭവം നടന്നിട്ടുണ്ടോ, എങ്കില്‍ ഇതിന് പിന്നിലാര് തുടങ്ങിയ കാര്യങ്ങളാണ് പോലീസ് അന്വേഷിച്ചത്. ഇതിനായി കുട്ടിയുടെ സഹപാഠികളില്‍നിന്നും അധ്യാപകരില്‍നിന്നും ഡോക്ടര്മാരില്നിന്നുമെല്ലാം വിവരങ്ങള്‍ ശേഖരിച്ചു. വെളിപ്പെടുത്തല്‍ നടത്തിയ പെണ്‍കുട്ടിയുടെ മൊഴി കൗണ്‍സലിങ്ങിലൂടെ ശേഖരിച്ചു. എന്നാല്‍, ഇപ്പോഴും അന്തിമനിഗമനത്തില്‍ പോലീസ് എത്തിയിട്ടില്ല.
എല്ലാക്കാര്യങ്ങളും വിലയിരുത്തിയശേഷംമാത്രമേ വിശദാംശങ്ങള്‍ പുറത്തുവിടൂ എന്നാണ് പോലീസ് നിലപാട്. ഇപ്പോഴും പോലീസ് നേരത്തേ രജിസ്റ്റര്‍ചെയ്ത പോക്സോ കേസ് മാത്രമാണുള്ളത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ചെയ്തിട്ടില്ല. ചൊവ്വാഴ്ച കുട്ടിയെ കോഴിക്കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലെത്തിച്ച് കൗണ്‍സലിങ്ങിന് വിധേയയാക്കി. നേരത്തേ കോഴിക്കോട് മെഡിക്കല്‍ കോളേജിലും കൗണ്‍സലിങ് നടത്തിയിരുന്നു.