യുവതിയെ കാറിൽ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ, വാഹനത്തട്ടിപ്പ് കേസിലും പ്രതി
കുന്നംകുളം: ചെമ്മണ്ണൂരിൽനിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ വടക്കൻതുള്ളി വീട്ടിൽ ആരോമലി(27)നെയാണ് എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്റെ നേതൃത്വത്തിൽ പിടികൂടിയത്. നവംബർ 16-നായിരുന്നു കേസിനാസ്പദമായ സംഭവം.
ചെമ്മണ്ണൂരിൽ യുവതി താമസിച്ചിരുന്ന വീടിന് സമീപത്തുനിന്നുള്ള റോഡിൽവെച്ചാണ് ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയത്. കാറിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ മദ്യക്കുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. കാറിൽവെച്ച് യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കേസിലെ മറ്റൊരു പ്രതിയായ നടത്തറ ചുളയില്ലാപ്ലാക്കൽ വീട്ടിൽ ഷെറിൻ (32) നേരത്തെ അറസ്റ്റിലായിരുന്നു.
ആരോമലിനെ തമിഴ്നാട്ടിൽനിന്നാണ് പിടികൂടിയത്. വാഹനത്തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള കേസുകളിൽ പ്രതിയാണ് ആരോമലെന്ന് പോലീസ് പറഞ്ഞു. ഇത്തരത്തിൽ കിട്ടുന്ന തുക ആർഭാടജീവിതത്തിനാണ് ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
കേസന്വേഷണത്തിന് സിറ്റി പോലീസ് കമ്മിഷണർ അങ്കിത് അശോക്, എ.സി.പി. ടി.എസ്. സിനോജ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപവത്കരിച്ചിരുന്നു. എസ്.ഐ. പി.ആർ. രാജീവ്, ഷക്കീർ അഹമ്മദ്, ആർ. നിധിൻ, ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിലെ എസ്.ഐ. പി. രാകേഷ്, എസ്. ശരത്ത്, ആഷിഷ് ജോസഫ്, എസ്. സുജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.