വ്യാജചികിത്സാകേന്ദ്രം ഉടമ അറസ്റ്റിൽ; കപ്പിങ് തെറാപ്പിക്ക് ഉപയോഗിക്കുന്ന സൂചികളും കപ്പുകളും കണ്ടെത്തി
ചേർപ്പ്: കരുവന്നൂരിൽ വ്യാജചികിത്സാകേന്ദ്രം ഉടമ അറസ്റ്റിൽ. തേലപ്പിള്ളി പുതുമനക്കര വീട്ടിൽ ഫാസിൽ അഷ്റഫ് (38) ആണ് അറസ്റ്റിലായത്. കരുവന്നൂർ രാജ കമ്പനിക്ക് സമീപം ഹിജാമ എന്ന പേരിൽ കപ്പിങ് തെറാപ്പി ചികിത്സ നടത്തിയിരുന്ന ഇസ്ര വെൽനെസ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് അഷ്റഫ്. ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന് ലൈസൻസോ സർക്കാർ അനുമതിയോ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായി. ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധം സ്ഥാപനത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ പ്രദർശിപ്പിച്ചിരുന്നു.
കപ്പിങ് തെറാപ്പിക്ക് ഉപയോഗിക്കുന്ന സൂചികളും കപ്പുകളും കണ്ടെത്തി. ഇവ അണുവിമുക്തമാക്കാനുള്ള സൗകര്യം ഇവിടെയുണ്ടായിരുന്നില്ലെന്നും വീണ്ടും ഉപയോഗിക്കാനായി സൂക്ഷിച്ചുവെച്ചതായിരുന്നുവെന്നും ആരോഗ്യവകുപ്പുദ്യോഗസ്ഥർ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് രോഗികൾ ഇവിടെ ചികിത്സയ്ക്കെത്തിയിരുന്നു. രോഗികൾക്ക് നൽകിയിരുന്ന മരുന്നുകളും കണ്ടെടുത്തു.
ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ.എൻ. സതീഷ്കുമാർ, ടെക്നിക്കൽ അസിസ്റ്റന്റ് പി.കെ. രാജു, ഹെൽത്ത് ഇൻസ്പെക്ടർ എ.ജെ. ആന്റോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. മരുന്നുകൾ നിർമിച്ചത് വീട്ടിലാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് അഷ്റഫിനെ അറസ്റ്റ് ചെയ്തത്.